വണ്ടൂരില്‍ മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

മൂന്നുപേരും നാലുദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്നും വണ്ടൂരിലെത്തിയവര്‍

Update: 2025-09-29 09:00 GMT

മലപ്പുറം: വണ്ടൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. നാലുദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്നും വണ്ടൂരിലെത്തിയ മൂന്ന് അതിഥി തൊഴിലാളികള്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ഇവര്‍ വണ്ടൂര്‍ അമ്പലപടിയില്‍ കുടുംബ സമേതം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

തിങ്കളാഴ്ച 17, 18 വാര്‍ഡുകളിലുള്‍പ്പെട്ട പുല്ലൂര്‍, അമ്പലപ്പടി, താമരശ്ശേരി മഠം, ഗവ. വിഎംസി സ്‌കൂള്‍ പരിസരം, പുളിക്കല്‍, നായാടിക്കുന്ന് ഭാഗങ്ങളിലെ വീടുകളില്‍ മമ്പാട്, തിരുവാലി, വണ്ടൂര്‍, പാണ്ടിക്കാട്, തൃക്കലങ്ങോട് ഗവ. ആശുപത്രികളില്‍ നിന്നുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടന്നു. വീടുകളില്‍ മലമ്പനി ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്തു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ചിരട്ടകള്‍, ചെടിച്ചട്ടികള്‍, വലിച്ചെറിഞ്ഞ പാത്രങ്ങള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യങ്ങളുണ്ടാവാതിരിക്കാന്‍ വീട്ടുകാര്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ വിവരിച്ചു നല്‍കി. കണ്ടെത്തിയ സ്ഥലങ്ങളില്‍ വീണ്ടും പരിശോധന നടത്തും.

Tags: