സഹപ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; ഐടി കമ്പനി സിഇഒ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍
ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ജന്മദിനാഘോഷ പാര്‍ട്ടിക്കിടെ സ്വകാര്യ ഐടി കമ്പനിയിലെ വനിത മാനേജര്‍ കൂട്ടബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ കമ്പനിയുടെ സിഇഒ ഉള്‍പ്പെടെ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. കമ്പനി സിഇഒയുടെ നേതൃത്വത്തിലാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചത്. പാര്‍ട്ടിയിലേക്ക് സ്ഥാപനത്തിലെ വനിത ജീവനക്കാരെയും ക്ഷണിച്ചിരുന്നു. പരിപാടി അവസാനിച്ചതിന് പിന്നാലെ കമ്പനിയിലെ വനിത എക്‌സിക്യൂട്ടീവ് ഹെഡ് യുവതിയെ വീട്ടിലിറക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. കാറില്‍ സിഇഒയും വനിത എക്‌സിക്യൂട്ടീവ് ഹെഡിന്റെ ഭര്‍ത്താവും ഉണ്ടായിരുന്നു. യാത്രയ്ക്കിടെ സിഗരറ്റും മദ്യവും വാങ്ങാന്‍ വാഹനം നിര്‍ത്തിയതായും യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.
മദ്യം കഴിച്ചതിന് ശേഷം യുവതിയുടെ ബോധം നഷ്ടമായി. പിന്നീട് ബോധം വീണ്ടെടുത്തപ്പോള്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിനുള്ളില്‍വച്ച് താന്‍ കൂട്ടബലാല്‍സംഗത്തിനിരയായതായി തിരിച്ചറിഞ്ഞുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പുലര്‍ച്ചെയോടെ താമസസ്ഥലത്തിനടുത്ത് വാഹനം നിര്‍ത്തി പ്രതികള്‍ ഇറക്കിവിട്ടതായും യുവതി ആരോപിച്ചു.
തുടര്‍ന്ന് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. മെഡിക്കല്‍ പരിശോധനയില്‍ ബലാല്‍സംഗം നടന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് യുവതി സുഖേര്‍ പോലിസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലിസ് കമ്പനി സിഇഒ, വനിത എക്‌സിക്യൂട്ടീവ് ഹെഡ്, അവരുടെ ഭര്‍ത്താവ് എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതായി പോലിസ് അറിയിച്ചു.
