അംഗന്‍വാടി ടീച്ചറുടെ സ്വര്‍ണമാല പൊട്ടിച്ച മൂന്നുപേര്‍ പിടിയില്‍

Update: 2025-11-18 09:43 GMT

തൃശൂര്‍: മാള വൈന്തലയില്‍ അംഗന്‍വാടി ടീച്ചറുടെ സ്വര്‍ണമാല പൊട്ടിച്ച മൂന്നുപേര്‍ പിടിയില്‍. ബൈക്കിലെത്തിയാണ് ഇവര്‍ മോളി ജോര്‍ജെന്ന ടീച്ചറുടെ മാല പൊട്ടിച്ചത്. നടുറോഡില്‍ പട്ടാപ്പകലായിരുന്നു മൂന്നരപ്പവന്റെ മാല പിടിച്ചുപറിച്ചത്. മോളി വഴിയരികിലൂടെ വീട്ടിലേക്കു നടന്നുപോകുമ്പോഴായിരുന്നു പിടിച്ചുപറി. ബൈക്കിലെത്തിയ രണ്ടു പുരുഷന്‍മാരും ഒരു സ്ത്രീയുമടങ്ങിയ സംഘമാണ് മോഷണം നടത്തിയതെന്ന് മോളി മാള പോലിസിനെ അറിയിച്ചിരുന്നു.

മാള ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ബൈക്ക് യാത്രക്കാരെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് മാള പോലിസ് മൂന്നു പേരെയും പിടികൂടി. ഒരാള്‍ക്ക് പതിനേഴു വയസ്. മറ്റൊരാള്‍ക്ക് പതിനെട്ടു വയസ്. ഇരുപത്തിരണ്ടുകാരിയായ അഞ്ജനയായിരുന്നു പിടിച്ചുപറി ആസൂത്രണം ചെയ്തത്.

കുട്ടിയെ അംഗന്‍വാടിയില്‍ വിടാന്‍ ചെന്നപ്പോഴായിരുന്നു അധ്യാപികയുടെ മാല അഞ്ജനയുടെ ശ്രദ്ധയില്‍ പെട്ടത്. പിന്നീട് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട രണ്ടു യുവാക്കളെ പിടിച്ചുപറിക്കു പ്രേരിപ്പിച്ചതും അഞ്ജനയായിരുന്നു. യുവതി ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് കഴിയുകയാണെന്ന് പോലിസ് പറയുന്നു.