മംഗളൂരുവില്‍ ബംഗ്ലാദേശി എന്നാരോപിച്ച് ഝാര്‍ഖണ്ഡ് സ്വദേശിയെ മര്‍ദിച്ച മൂന്നുപേര്‍ അറസ്റ്റില്‍
മംഗളൂരു: ബംഗ്ലാദേശിയെന്ന് ആരോപിച്ച് ഝാര്‍ഖണ്ഡില്‍ നിന്നുള്ള തൊഴിലാളി യുവാവിനെ നാലുപേര്‍ ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ മൂന്നുപേരെ മംഗളൂരു കാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡ് സ്വദേശിയായ ദില്‍ജന്‍ അന്‍സാരിയാണ് ആക്രമണത്തിന് ഇരയായത്. 15 വര്‍ഷത്തോളമായി കര്‍ണാടകയില്‍ തൊഴിലാളിയാണ് അന്‍സാരി. ജാര്‍ഖണ്ഡില്‍ നിന്നുള്ള തൊഴിലാളിയെ മതം ചോദിച്ചറിഞ്ഞ ശേഷം ബംഗ്ലാദേശി പൗരനാണെന്ന് ആരോപിച്ച് അധിക്ഷേപിക്കുകയും അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് മംഗളൂരു താലൂക്കിലെ കുളൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന രതീഷ് ദാസ് എന്ന ലാലു(32), ധനുഷ്(24), സാഗര്‍(24) എന്നിവര്‍ അറസ്റ്റിലായത്.
ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ദില്‍ജന്‍ അന്‍സാരിയെ നാലുപേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി ഹിന്ദുവാണോ മുസ് ലിമാണോ എന്ന് ചോദിച്ചത്. പേര് പറഞ്ഞതോടെ ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് അസഭ്യം പറയുകയും അന്‍സാരിയുടെ പണിയായുധങ്ങള്‍ പിടിച്ചുവാങ്ങി അവ ഉപയോഗിച്ച് തുടര്‍ച്ചയായി ആക്രമിക്കുകയും ചെയ്തു. തലപൊട്ടി ചോര ഒഴുകുന്ന അവസ്ഥയിലും അക്രമം തുടരുന്നതിനിടെ പരിസരവാസിയായ സ്ത്രീ യുവാവിനെ രക്ഷിക്കുകയായിരുന്നു. ഭയം കാരണം സംഭവം യുവാവ് രഹസ്യമാക്കിയെങ്കിലും പൊതുപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ മംഗളൂരു കാവൂര്‍ പോലിസ് നാലുപേര്‍ക്കെതിരേ വധശ്രമക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.
