കോട്ദ്വാറില്‍ മുസ് ലിം വ്യാപാരിക്ക് കാവലായ ദീപക്കിനെതിരായ ഭീഷണി; കുറ്റസമ്മതം നടത്തി പ്രതി
കോട്ദ്വാര്‍: കോട്ദ്വാറിലെ മുസ് ലിം കച്ചവടക്കാരനായ വകീല്‍ അഹ്‌മദ് എന്നയാളെ രക്ഷിച്ച ദീപക്കിനെ ഭീഷണിപ്പെടുത്തിയ ഉത്കര്‍ഷ് എന്നയാള്‍ പോലിസിനു മുന്നില്‍ കുറ്റസമ്മതം നടത്തി. ദീപക്കിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിയാണ് ഉത്കര്‍ഷ്. പോലിസിന്റെ പിടിയിലായ ഇയാള്‍ ചോദ്യം ചെയ്യലില്‍ സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരെ കിട്ടാനുള്ള മാര്‍ഗമായിരുന്നു ഇതെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്.
ദീപക്കിനെതിരേ ഭീഷണി വീഡിയോ പോസ്റ്റ് ചെയ്ത ഉത്കര്‍ഷിനെ സോഷ്യല്‍ മീഡിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലിസ് അറസ്റ്റ് ചെയ്തത്. മോത്തിഹാരി സ്വദേശിയാണ് ഉത്കര്‍ഷ് കുമാര്‍.
ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ജനുവരി 26നായിരുന്നു മുസ് ലിം കച്ചവടക്കാരനായ വകീല്‍ അഹ്‌മദ് എന്നയാള്‍ക്ക് ആക്രമണം നേതിടേണ്ടി വന്നത്. ഈ സമയത്ത് രക്ഷകനായി വന്നയാളാണ് ദീപക്. 70കാരനായ വകീല്‍ അഹ്‌മദ് എന്ന കച്ചവടക്കാരന്റെ ബാബാ സ്‌കൂള്‍ ഡ്രസ് ആന്‍ഡ് മാച്ചിങ്ങ് സെന്റര്‍ എന്ന കടയുടെ പേരിലെ 'ബാബാ' എന്ന പേര് മാറ്റണമെന്നായിരുന്നു ബജ്റങ് ദള്‍ പ്രവര്‍ത്തകരുടെ ആവശ്യം. ബാബാ എന്ന വാക്ക് മുസ്ലിംകള്‍ ഉപയോഗിക്കേണ്ടതല്ലെന്നായിരുന്നു ഹിന്ദുത്വവാദികളുടെ വാദം.
ഇക്കാര്യം പറഞ്ഞ് കടയിലെത്തിയ അക്രമികള്‍ അഹമ്മദിനെ ഭീഷണിപ്പെടുത്തി. ഈ സമയത്ത് തൊട്ടടുത്ത കടയിലുണ്ടായിരുന്ന ദീപക് ഇടപെടുകയും ബജ്റങ് ദള്‍ പ്രവര്‍ത്തകരെ നേരിടുകയുമായിരുന്നു. ഇന്ത്യാ രാജ്യത്ത് മുസ്ലിംകള്‍ രണ്ടാംകിട പൗരന്മാരാണോയെന്നും 30 വര്‍ഷത്തിലേറെയായി ഇവിടെ തുടരുന്ന കടയുടെ പേര് എന്തിന് മാറ്റണമെന്നും ദീപക് ചോദിച്ചു. 'പേരാണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ എന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്, ഇനി ആര്‍ക്കാണ് പ്രശ്നം' എന്നുകൂടി ദീപക് ചോദിച്ചു. പിന്നാലെ ഏതാനും പേര്‍ ദീപക്കിന്റെ ഭാഗത്തും ചേര്‍ന്നു. ഇതോടെ, ബജ്റംഗ്ദളുകാര്‍ പിന്തിരിയുകയായിരുന്നു.
