ആര്‍എസ്എസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവം; 31 വര്‍ഷത്തിനുശേഷം ഒരാള്‍ കൂടി അറസ്റ്റില്‍

Update: 2025-08-06 02:32 GMT

തൃശ്ശൂര്‍: തൊഴിയൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വാടാനപ്പള്ളി അഞ്ചങ്ങാടി പുയ്യു വീട്ടില്‍ ഷാജുദ്ദീനാ(55)ണ് പിടിയിലായത്. രണ്ടാഴ്ച മുന്‍പ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ ആണ് ഇയാള്‍ പിടിയിലായത്. 1994 ഡിസംബര്‍ നാലിനായിരുന്നു കൊലപാതകം. ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ പ്രവര്‍ത്തകനായിരുന്നു ഷാജുദ്ദീനെന്ന് പോലിസ് പറയുന്നു.

കേസിലാദ്യം സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെ ഒമ്പതു പേരെ ഗുരുവായൂര്‍ പോലിസ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നാലുപേരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഹൈക്കോടതി ഇവരുടെ ശിക്ഷ റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ടി പി സെന്‍കുമാര്‍ ക്രൈംബ്രാഞ്ച് ഡിഐജിയായിരുന്ന കാലത്താണ് 'ജംഇയ്യത്തുല്‍ ഇഹ്‌സാനിയ'യിലേക്ക് അന്വേഷണം 'എത്തിയത്.'

1991ല്‍ പാസ്‌പോര്‍ട്ട് എടുത്തിരുന്ന ഷാജുദ്ദീന്‍ 1995 തുടക്കത്തിലാണ് വിദേശത്തേക്ക് ജോലിക്ക് പോയതെന്ന് പോലിസ് പറയുന്നു. ജൂലൈ 20ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ കസ്റ്റഡിയില്‍ എടുത്തു. ഒമ്പതു കുറ്റാരോപിതരില്‍ ഒന്നാം പ്രതി സെയ്തലവി അന്‍വരി, നഹാസ് എന്നിവരെ പിടികൂടാനായിട്ടില്ല. ഒരു പ്രതി മരിച്ചു. മറ്റ് ആറു പേരാണ് പിടിയിലായത്. ബാബരി മസ്ജിദ് പൊളിക്കാന്‍ കേരളത്തില്‍ നിന്നു പോയ സംഘത്തിലെ അംഗമായിരുന്നു കൊല്ലപ്പെട്ട സുനില്‍ എന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.