തൊഴിയൂര്‍ സുനില്‍ കൊലക്കേസ്: തെറ്റായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം

Update: 2025-07-29 13:55 GMT

തൃശ്ശൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന തൃശൂര്‍ തൊഴിയൂരിലെ സുനില്‍കുമാറിനെ വെട്ടിക്കൊന്ന കേസില്‍ തെറ്റായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാര്‍. അന്ന് കേസ് അന്വേഷിച്ച പോലിസുകാരാണ് തുക നല്‍കേണ്ടത്.

1994 ഡിസംബര്‍ നാലിന് പുലര്‍ച്ചെ രണ്ടിനാണ് തൊഴിയൂരിലെ സുനില്‍കുമാറിനെ വീട്ടിലെത്തിയ സംഘം വെട്ടിക്കൊന്നത്. ഗുരുവായൂര്‍ പോലിസ് രജിസ്റ്റര്‍ചെയ്ത് അന്വേഷിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ ഒന്‍പതുപേരെ പ്രതിചേര്‍ത്തിരുന്നു. ഇതില്‍ നാലുപേരെ തൃശ്ശൂര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.. ശിക്ഷയനുഭവിച്ചുകൊണ്ട് പ്രതികള്‍ നല്‍കിയ അപ്പീലില്‍ അന്വേഷണം കുറ്റമറ്റതല്ലെന്ന് കണ്ടെത്തി നാലു പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി. രായംമരയ്ക്കാര്‍ വീട്ടില്‍ റഫീക്ക്, തൈക്കാട് ബാബുരാജ്, വാക്കയില്‍ ബിജി, ഹരിദാസന്‍ എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഇതില്‍ ഹരിദാസന്‍ രോഗം ബാധിച്ച് മരിച്ചു.


അവശേഷിക്കുന്ന മൂന്നുപേര്‍, നഷ്ടപരിഹാരത്തിന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി കാത്തിരിക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശംകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിറക്കിയിരിക്കുന്നത്. അന്ന് കേസന്വേഷിച്ച പല ഉദ്യോഗസ്ഥരും നിലവില്‍ വിരമിച്ചിട്ടുണ്ടാകാം. വിരമിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തുകയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.