''വഖ്ഫ് ബില്ല് അംഗീകരിക്കാത്തവര്‍ രാജ്യദ്രോഹികള്‍; അവരെ ജയിലില്‍ അടയ്ക്കും'' ബിഹാര്‍ ഉപമുഖ്യമന്ത്രി

Update: 2025-04-05 03:25 GMT

പറ്റ്‌ന: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖ്ഫ് നിയമഭേദഗതി ബില്ല് അംഗീകരിക്കാത്തവര്‍ രാജ്യദ്രോഹികളാണെന്നും അവരെ ജയിലില്‍ അടയ്ക്കുമെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ കുമാര്‍ സിന്‍ഹ. ''വഖ്ഫ് ബില്ലിനെ അംഗീകരിക്കില്ലെന്ന് പറയുന്നവര്‍ ജയിലില്‍ പോവേണ്ടി വരും. ഇത് പാകിസ്താനല്ല, ഹിന്ദുസ്ഥാനാണ്. ഇവിടെ നരേന്ദ്രമോദിയുടെ സര്‍ക്കാരാണുള്ളത്. ബില്ല് പാര്‍ലമെന്റ് പാസാക്കിയതാണ്. അത് അംഗീകരിക്കില്ലെന്ന് പറയുന്നവര്‍ രാജ്യദ്രോഹികളാണ്. അവരെ ഉടന്‍ അറസ്റ്റ് ചെയ്യണം.'' -വിജയ കുമാര്‍ സിന്‍ഹ ആവശ്യപ്പെട്ടു.

അതേസമയം, ബില്ലിനെ രൂക്ഷമായി എതിര്‍ത്ത് ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവിന്റെ എംഎല്‍എയായ ഗുലാം ഗൗസ് രംഗത്തെത്തി. ജഡ്ജിയാണ് കൊലപാതകി എന്നിരിക്കെ നീതിക്കായി എവിടെ പോവുമെന്ന് അദ്ദേഹം വിലപിച്ചു. മുസ്‌ലിംകളുടെ ക്ഷേമമാണ് ലക്ഷ്യമെന്ന് പറയുന്ന ബിജെപി, ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന്‍ റിപോര്‍ട്ടും സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടും നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ബില്ലിനെതിരെ പാര്‍ട്ടിക്ക് അകത്ത് നിലപാട് പ്രഖ്യാപിച്ചതായി മുന്‍ എംപി ഗുലാം റസൂല്‍ ബലിയാവിയും പറഞ്ഞു. ബില്ലിലെ ചില ഭാഗങ്ങളില്‍ നിതീഷ് കുമാറിന് എതിര്‍പ്പുണ്ടായിരുന്നു എന്നും അത് പരിഗണിക്കാതെയാണ് ബിജെപി ബില്ല് അവതരിപ്പിച്ചതെന്നും മറ്റൊരു മുതിര്‍ന്ന മുസ്‌ലിം നേതാവ് പറഞ്ഞു.