വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ഥ വിശ്വാസികളല്ല; മോഹന്‍ ഭഗവതിന്റെ 'ഘര്‍ വാപസി' പരാമര്‍ശത്തിനെതിരേ വിമര്‍ശനവുമായി മൗലാന അര്‍ഷാദ് മദനി
ന്യൂഡല്‍ഹി: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ 'ഘര്‍ വാപസി' പരാമര്‍ശത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് മേധാവി മൗലാന അര്‍ഷാദ് മദനി. ഇത്തരം പരാമര്‍ശങ്ങള്‍ വിദ്വേഷം വളര്‍ത്തുമെന്നും ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെ അപകടത്തിലാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മുസ് ലിംകള്‍ക്കുവേണ്ടി ഘര്‍വാപസി സംഘടിപ്പിക്കുമെന്ന രീതയിലുള്ള പ്രസ്താവനകള്‍ കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തതും അത്യന്തം അസ്വസ്ഥത ഉളവാക്കുന്നതുമാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ജനാധിപത്യത്തിനെതിരാണെന്നും അത് ജനങ്ങളെ ശത്രുതയിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ അനുയായികള്‍ക്ക് മാത്രമേ ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമുള്ളൂ എന്ന് ചിലര്‍ വാദിക്കുന്നത് നിര്‍ബാധം തുടരുകയാണ്. എന്നിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മതേതര ഭരണഘടനാ ചട്ടക്കൂടിനു കീഴില്‍ മാത്രമേ ഇന്ത്യയില്‍ സമാധാനവും ഐക്യവും സാധ്യമാകൂ എന്നും മതം മനുഷ്യനെ ഭിന്നിപ്പിക്കാനുള്ള ഒന്നല്ലെന്നും അത് മനുഷ്യന്റെ ഐക്യത്തിനു വേണ്ടി നിലകൊള്ളുന്നതാണെന്നും മൗലാന അര്‍ഷാദ് മദനി പറഞ്ഞു. മതത്തിന്റെ പേരിലുള്ള ഒരു തരത്തിലുള്ള അക്രമത്തെയും ന്യായീകരിക്കാന്‍ കഴിയില്ലെന്നും എല്ലാ മതങ്ങളും മനുഷ്യത്വം, സഹിഷ്ണുത, സ്‌നേഹം, ഐക്യം എന്നിവയില്‍ ഊന്നിയതാണ്. മതത്തെ ഉപയോഗിച്ച് വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ഥ വിശ്വാസികളല്ല. അത്തരം ആളുകളെ നാം അപലപിക്കുകയും എതിര്‍ക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
