തൊണ്ടിമുതല്‍ തിരിമറി കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈകോടതി തള്ളി, ആന്റണി രാജുവിന് മല്‍സരിക്കാനാവില്ല

Update: 2026-03-17 09:10 GMT

കൊച്ചി: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹരജി ഹൈക്കോടതി തള്ളി. അപ്പീല്‍ കോടതി തള്ളിയതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആന്റണി രാജുവിന് മല്‍സരിക്കാനാവില്ല. കേസില്‍ വാദം പൂര്‍ത്തിയായ ശേഷം ഇന്ന് വിധി പറയാന്‍ മാറ്റിയിരുന്നു. കേസില്‍ വിധി വന്നശേഷം തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാമെന്ന നിലപാടിലായിരുന്നു എല്‍ഡിഎഫ്. കേസില്‍ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യമായ കാര്യങ്ങള്‍ അന്വേഷിച്ചില്ല, ആര്, എവിടെവച്ച് തിരിമറി നടത്തിയെന്ന് അറിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ റിപോര്‍ട്ടില്‍ പറഞ്ഞതെന്നും ആന്റണി രാജുവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതില്‍ ഒരു ക്രിമിനല്‍ സാധ്യത തെളിയിക്കാന്‍ കഴിയില്ലെന്നും തൊണ്ടിമുതല്‍ വാങ്ങിച്ച് തിരിച്ചുകൊടുത്തു എന്നുള്ളതുകൊണ്ട് കുറ്റം തെളിയിക്കാന്‍ സാധിക്കുമോയെന്നും കോടതി ചോദിച്ചു. തൊണ്ടിമുതലില്‍ തിരിമറിനടത്തിയത് ആന്റണി രാജു തന്നെയാണെന്ന് എന്താണ് ഉറപ്പെന്നും ഇതിലൊരു ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ സീനിയര്‍ അഭിഭാഷകനെ പ്രതിയാക്കാഞ്ഞത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരുന്നു.

തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയതിന് ആന്റണി രാജുവിനെ മൂന്നുവര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎല്‍എ സ്ഥാനത്തുനിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെടുകയും ചെയ്തു. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സെര്‍വലിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ആന്റണിരാജുവും മുന്‍ കോടതി ഉദ്യോഗസ്ഥനും ചേര്‍ന്ന് തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തിയെന്നാണ് കേസ്. അന്ന് അദ്ദേഹം പ്രതിയുടെ അഭിഭാഷകനായിരുന്നു.

വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈകോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.