തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍ എംഎല്‍എ ആന്റണി രാജുവിന്റെ ഹരജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഇന്ന്. നെടുമങ്ങാട് കോടതിയുടെ മൂന്നുവര്‍ഷം തടവ് ശിക്ഷ മരവിപ്പിക്കണമെന്നും ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.
മൂന്ന് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാല്‍ ജനപ്രതിനിധ്യ നിയമ പ്രകാരം ആന്റണി രാജുവിന് മല്‍സരിക്കാന്‍ അയോഗ്യതയുണ്ട്. ശിക്ഷ മരവിപ്പിച്ചില്ലെങ്കില്‍ തനിക്ക് മല്‍സരിക്കാന്‍ കഴിയില്ലെന്നും ആന്റണി രാജു ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നിലവില്‍ തിരുവനന്തപുരത്ത് വീണ്ടും സ്ഥാനാര്‍ഥിയാകാന്‍ ശ്രമിക്കുന്ന ആന്റണി രാജുവിന് കോടതി ഉത്തരവ് നിര്‍ണായകമാണ്.
വിചാരണക്കോടതി വിധിക്കെതിരെ ആന്റണി രാജു സമര്‍പ്പിച്ച ഹരജി ആഴ്ചകള്‍ക്ക് മുന്‍പ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. താന്‍ നല്‍കിയ തെളിവുകള്‍ വിചാരണക്കോടതിയും സെഷന്‍സ് കോടതിയും പരിഗണിച്ചില്ലെന്ന് ആന്റണി രാജു ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. തൊണ്ടിമുതല്‍ കോടതിയില്‍ നിന്ന് കൈപ്പറ്റി എന്നത് കൊണ്ട് കൃത്രിമകം നടത്തിയത് ആന്റണി രാജു ആണെന്ന് പറയാനാകുമോ എന്നും സാഹചര്യ തെളിവ് മാത്രമല്ലെ എന്നും കോടതി ചോദിച്ചിരുന്നു.
നിയമസഭയിലെ സിറ്റിങ് എംഎല്‍എയാണ് താന്‍. ശിക്ഷാവിധിയെത്തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടു. ശിക്ഷാവിധി മരവിപ്പിക്കാതെ നിയമസഭാ അംഗത്വം പുനഃസ്ഥാപിക്കാനാവില്ല. ശിക്ഷാവിധി മരവിപ്പിച്ചില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ലെന്നും ആന്റണി രാജു അപ്പീലില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സെര്‍വലിയെ രക്ഷിക്കാനായി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ആന്റണിരാജുവും മുന്‍ കോടതി ഉദ്യോഗസ്ഥനും ചേര്‍ന്ന് തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തിയെന്നാണ് കേസ്. അന്ന് അദ്ദേഹം പ്രതിയുടെ അഭിഭാഷകനായിരുന്നു.
മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു. ഇതേത്തുടര്‍ന്ന് ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായി അയോഗ്യനാക്കപ്പെട്ടിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 2026 ഫെബ്രുവരി 17ന് കോടതി ആ അപ്പീല്‍ തള്ളി.

