തൊണ്ടിമുതല്‍ കേസ്; ശിക്ഷ റദ്ദാക്കാനുള്ള ആന്റണി രാജുവിന്റെ ഉപഹരജിയില്‍ ഇടക്കാല ഉത്തരവ് ഇന്ന്

Update: 2026-02-16 02:40 GMT

തിരുവനന്തപുരം: മുന്‍ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഉപഹരജിയില്‍ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്. തന്നെ കുറ്റക്കാരനാക്കിയ വിധി മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് ആന്റണി രാജുവിന്റെ വാദം.

തൊണ്ടിമുതല്‍ കേസിലെ തടവു ശിക്ഷയും പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍ മന്ത്രി ആന്റണി രാജു ഉപഹരജി സമര്‍പ്പിച്ചത്. മൂന്നു വര്‍ഷം തടവശിക്ഷയും പതിനായിരം രൂപ പിഴയുമാണ് ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ചത്. ഈ ശിക്ഷാ വിധി ജില്ലാ സെഷന്‍സ് കോടതി മരവിപ്പിച്ചിരുന്നു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍, ഇത് പ്രോസിക്യൂഷന്‍ എതിര്‍ത്തു. മയക്കുമരുന്നുമായി പിടിയിലായ വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം നടത്തി എന്നതാണ് കേസ്.

1990ലാണ് കേസിനാസ്പദമായ സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഒരു വിദേശി പിടിയിലായി. ഇയാളെ തിരുവനന്തപുരം ജില്ലാ കോടതി പത്തുവര്‍ഷത്തേക്ക് ശിക്ഷക്ക് വിധിച്ചു. കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ എത്തുമ്പോഴാണ് തിരിമറികള്‍ നടന്നത്. ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് ചേരുന്നതായിരുന്നില്ല. തൊണ്ടിമുതലില്‍ കൃത്രിമം വരുത്തിയതോടെ പ്രതിയെ കേസില്‍ നിന്ന് ഒഴിവാക്കി. പിന്നാലെ മറ്റൊരു കേസില്‍ വിദേശത്തു ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആയ ഇയാള്‍ സഹ തടവുകാരോട് സത്യാവസ്ഥ വെളിപ്പെടുത്തി. തുടര്‍ന്ന് 1994ലാണ് കേസെടുത്തത്. ഇന്റര്‍ പോള്‍ സിബിഐയെ അറിയിക്കുകയും സിബിഐ കേരള പോലിസിന് വിവരം കൈമാറുകയും ആയിരുന്നു.

അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ജീവനക്കാരനായിരുന്ന ജോസും ചേര്‍ന്ന് തൊണ്ടിമുതലില്‍ തിരുമറി നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. 2014ലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രിംകോടതിയേ വരെ സമീപിച്ചു. എന്നാല്‍ കേസില്‍ വിചാരണ നടക്കട്ടെ എന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് വഞ്ചിയൂര്‍ കോടതിയില്‍ നിന്ന് കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്.

Tags: