''ശിശുമരണ നിരക്കില്‍ അമേരിക്കയേപ്പോലും മറികടക്കാന്‍ നമുക്കായി, ഇതാണ് കേരള സ്റ്റോറി'': പിണറായി വിജയന്‍

Update: 2025-11-01 13:38 GMT

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം പിറന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയണ്‍. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'' കേരളത്തിന്റെ ചരിത്രപുസ്തകത്തില്‍ പുതിയൊരു അധ്യായം പിറന്നിരിക്കുന്നു. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നില്‍ നാം ഇന്ന് ആത്മാഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുകയാണ്. ഇത് പുതിയകേരളത്തിന്റെ ഉദയമാണ്. നമ്മുടെ സങ്കല്‍പ്പത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണ് ഇത്. ഒരു മനുഷ്യ ജീവിയും വിശപ്പിന്റേയോ കൊടും ദാരിദ്ര്യത്തിന്റേയോ ആഘാതത്തില്‍ വീണുപോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂര്‍ത്തത്തില്‍ ഇതില്‍ ഭാഗഭാക്കാകുകയും ഇതിന് നേതൃത്വം കൊടുക്കുകയും ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്ത എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു. കേരളത്തിലെ ശിശുമരണനിരക്ക്, മാതൃമരണനിരക്ക് ഏറ്റവും കുറഞ്ഞ നിലയിലാണ്. ഈ കുറവ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാത്രമല്ല. ലോകത്തെ ഏറ്റവും സമ്പല്‍സമൃദ്ധം എന്ന് കണക്കാക്കുന്ന അമേരിക്കയിലെ ശിശുമരണനിരക്കും മാതൃമരണനിരക്കും എടുത്താല്‍ അതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് കേരളത്തിലേത്. ഇതൊരു ചെറിയ നേട്ടമല്ല. 167.9 ബില്യണ്‍ ഡോളര്‍ മാത്രമാണ് നമ്മുടെ സംസ്ഥാനത്തിന്റെ ജിഡിപി. എന്നാല്‍, അമേരിക്കയുടേത് 30.51 ട്രില്യണ്‍ ഡോളറാണ്. അത്തരത്തിലുള്ള ഒരു സാമ്പത്തിക ഭീമനാണ് അമേരിക്ക. എങ്ങനെയാണ് അവരെ മറികടന്ന് നമുക്ക് മുമ്പിലെത്താനായത്. അവരുടെ ജിഡിപിയുടെ 0.55 ശതമാനം മാത്രമാണ് നമുക്കുള്ളത്. എന്നിട്ടും നമുക്ക് അമേരിക്കയെ മറികടക്കാനായി. ഇതാണ് യഥാര്‍ത്ഥ കേരളാ സ്റ്റോറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.