ഇത് ഇന്‍സ്റ്റാഗ്രാം ആക്ടിവിസം; ഫ്രീഡം ഫ്‌ളോട്ടില്ലയെ പരിഹസിച്ച് ഇസ്രായേല്‍

Update: 2025-06-10 09:39 GMT

ജറുസലേം: ഗസയിലെക്ക് സഹായവുമായി പുറപ്പെട്ട ഫ്രീഡം ഫ്‌ളോട്ടില്ല കപ്പല്‍ തടഞ്ഞതിനു പിന്നാലെ ആക്ടിവിസ്റ്റുകള്‍ക്കെതിരേ പരിഹാസവുമായി ഇസ്രായേല്‍. ഫ്രീഡം ഫ്‌ളോട്ടില്ലയുടെത് മാനുഷിക സഹായമായിരുന്നില്ല, മറിച്ച് അത് ഇന്‍സ്റ്റാഗ്രാം ആക്ടിവിസമാണ് എന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ വക്താവ് ഡേവിഡ് മെന്‍സര്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇസ്രായേല്‍ 1,200-ലധികം ട്രക്ക് ലോഡുകള്‍ ഗാസയിലേക്ക് എത്തിച്ചെന്നും, അപ്പോള്‍ ആരാണ് യഥാര്‍ഥത്തില്‍ ഗസയെ പോഷിപ്പിക്കുന്നതെന്നും ഡേവിഡ് മെന്‍സര്‍ ചോദിച്ചു. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിനെതിരേ വിവാദ പരാമര്‍ശവും ഡേവിഡ് മെന്‍സര്‍ നടത്തി. ഗ്രേറ്റ സഹായം കൊണ്ടുവന്നില്ല, അവള്‍ ആക്ടിവിസത്തിന്റെ പുറത്ത് വെറുതെ വരികയായിരുന്നു എന്നായിരുന്നു പരാമര്‍ശം.

ഗസയിലെ ഉപരോധം ഇസ്രായേല്‍ പിന്‍വലിക്കുകയും സൈനിക ആക്രമണം അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ അവിടെ ക്ഷാമമുണ്ടാകുമെന്ന് മാനുഷിക പ്രവര്‍ത്തകരും വിദഗ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകരാജ്യങ്ങളൊന്നടങ്കം ആവശ്യപ്പെട്ടിട്ടും ഫലസ്തീനികള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ ഇസ്രായേല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗ്രേറ്റ തുന്‍ബെര്‍ഗടക്കമുള്ള ആക്ടിവിസ്റ്റുകള്‍ സഹായവുമായി ഗസയിലേക്ക് തിരിച്ചത്.എന്നാല്‍ ഇസ്രായോല്‍ സൈന്യം ഫ്രീഡം ഫ്‌ളോട്ടില്ല തടയുകയും ആക്ടിവിസ്റ്റുകളെ തടവിലാക്കുകയും ചെയ്തു. നിലവില്‍ ആക്ടിവിസ്റ്റുകളെ അവരവരുടെ രാജ്യത്തേക്ക് പറഞ്ഞയക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍ എന്ന് ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags: