ഇറാന്റെ ഫതഹ്-1 മിസൈല്‍ ഇസ്രായേലിന്റെ എല്ലാ വ്യോമപ്രതിരോധ സംവിധാനങ്ങളെയും മറികടന്നെന്ന്
വാഷിങ്ടണ്‍: ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ഇറാന്‍ നിരവധി അടവുകള്‍ പരീക്ഷിച്ചെന്ന് വാള്‍സ്ട്രീറ്റ് ജേണലില്‍ റിപോര്‍ട്ട്. അത്യാധുനിക മിസൈലുകളെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പലപ്പോഴായി വിന്യസിച്ചാണ് ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ സ്വഭാവവും ശേഷിയും ഇറാന്‍ മനസിലാക്കിയത്. ജൂണ്‍ 13ന് തുടങ്ങിയ 12 ദിവസത്തെ യുദ്ധത്തിലെ ആദ്യ ആറു ദിവസങ്ങളില്‍ ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വലിയ തോതില്‍ വീഴ്ത്തി. എന്നാല്‍, രണ്ടാം ഘട്ടത്തില്‍ ഇറാന്റെ മിസൈലുകള്‍ വ്യോമപ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കി. ആദ്യ ആറ് ദിവസങ്ങളിലെ അനുഭവത്തിലൂടെയാണ് വ്യോമപ്രതിരോധ സംവിധാനത്തിലെ വീഴ്ച്ചകള്‍ ഇറാന്‍ മനസിലാക്കിയതത്രെ.
'' യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഇറാന്റെ മിസൈല്‍ ലോഞ്ചിങ് സംവിധാനങ്ങളെ ഇസ്രായേല്‍ ആക്രമിച്ചു. അതിനാല്‍, തങ്ങളുടെ കൈവശമുള്ള പഴയതും കൃത്യവുമല്ലാത്ത മിസൈലുകള്‍ അധികം ഉപയോഗിക്കാന്‍ ഇറാന് കഴിഞ്ഞില്ല. ആദ്യ ആറ് ദിവസം ഇറാന്‍ രാത്രിയില്‍ നിരവധി മിസൈലുകള്‍ ഒരുമിച്ച് അയച്ചു. പക്ഷേ, ഏഴാം ദിവസം മുതല്‍ മിസൈലുകളുടെ എണ്ണം കുറച്ചു. അധികവും പകലാണ് മിസൈലുകള്‍ അയച്ചത്. ഇസ്രായേലിലെ വിദൂരമായ പ്രദശങ്ങളെയും ലക്ഷ്യമിട്ടു. പക്ഷേ, ലക്ഷ്യങ്ങളില്‍ കൃത്യമായി പതിച്ചു.''-റിപോര്‍ട്ട് പറയുന്നു.
വെടിനിര്‍ത്തലുണ്ടാവുന്നതിന് രണ്ടുദിവസം മുമ്പ്, ജൂണ്‍ 22ന് ഇറാന്റെ 10 മിസൈലുകള്‍ കൃത്യം ലക്ഷ്യങ്ങളില്‍ പതിച്ചു. എങ്ങനെ, എപ്പോള്‍, ഏതു മിസൈല്‍ വിടണം എന്ന് ഇറാന്‍ മനസിലാക്കി. യുഎസുമായി സഹകരിച്ച് രൂപീകരിച്ച അയണ്‍ ഡോം വ്യോമപ്രതിരോധ സംവിധാനത്തിന് ഈ മിസൈലുകളെ തടയാന്‍ സാധിച്ചില്ല. ഇറാന്റെ ഫതഹ്-1 ഹൈപ്പര്‍സോണിക് മിസൈല്‍ അന്തരീക്ഷത്തിന് മുകളില്‍ നിന്ന് ശബ്ദത്തേക്കാള്‍ പത്തിരട്ടി വേഗത്തില്‍ വന്നപ്പോള്‍ ആരോ-3, ഡേവിഡ് സ്ലിങ് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് പോലും തടയാനായില്ല. അവയുടെ പോര്‍മുനകള്‍ പലതായി ചിതറിയാണ് വിവിധ പ്രദേശങ്ങളില്‍ സ്‌ഫോടനമുണ്ടാക്കിയത്. ഈ ഘട്ടത്തോടെ കൂടുതല്‍ മാരകമെന്നു കരുതുന്ന മിസൈലുകളെ മാത്രം തടയാന്‍ ഇസ്രായേല്‍ തീരുമാനിച്ചെന്നും റിപോര്‍ട്ട് പറയുന്നു.
അതേസമയം, യെമനിലെ അന്‍സാറുല്ലയില്‍ നിന്നും ഇസ്രായേലിനെ സംരക്ഷിക്കാന്‍ ധാരാളം വ്യോമപ്രതിരോധ മിസൈലുകള്‍ ഉപയോഗിക്കേണ്ടി വന്നുവെന്ന് യുസ് നേവി ചീഫ് അഡ്മിറല്‍ ജെയിംസ് കില്‍ബി ബിസിനസ് ഇന്‍സൈഡര്‍ എന്ന വെബ്‌സൈറ്റിനോട് പറഞ്ഞു.
''ചെങ്കടല്‍ യുദ്ധത്തിനുശേഷം, യുഎസ് നാവികസേന ഇപ്പോള്‍ വ്യോമ പ്രതിരോധ ആയുധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയാണ്. വിലകൂടിയ വ്യോമപ്രതിരോധ മിസൈലുകളുടെ തീവ്രമായ ഉപയോഗത്തിന്റെ നിലവിലെ വേഗത നാവികസേനയും പ്രതിരോധ വ്യവസായ കേന്ദ്രവും മുമ്പ് പ്രതീക്ഷിച്ചതിലും കൂടുതലാണ്. 2023 ഒക്ടോബര്‍ മുതല്‍, യെമനില്‍ നിന്ന് തൊടുത്തുവിട്ട നൂറുകണക്കിന് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാന്‍ യുഎസ് പടക്കപ്പലുകള്‍ വിലകൂടിയ മിസൈലുകള്‍ ഉപയോഗിച്ചിട്ടുണ്ട്.''-ജെയിംസ് കില്‍ബി പറഞ്ഞു. ഇറാന്റെ മിസൈല്‍ ആക്രമണങ്ങളെ തടയാന്‍ ഒരെണ്ണത്തിന് 257 കോടിയോളം രൂപ വരുന്ന എസ്എം-3 മിസൈലുകള്‍ വരെ ഉപയോഗിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

