തിരുവാതുക്കല്‍ ഇരട്ടക്കൊല: കുറ്റപത്രം സമര്‍പ്പിച്ചു, 67 സാക്ഷികള്‍

Update: 2025-07-16 12:02 GMT

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലക്കേസില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. അസം സ്വദേശി അമിത് ഒറാങ്ങാണ് ഏകപ്രതി. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് കോടാലി ഉപയോഗിച്ച് ദമ്പതിമാരെ കൊലപ്പെടുത്തിയതായാണ് കുറ്റപത്രത്തിലെ പരാമര്‍ശം. കോട്ടയം മജിസ്‌ട്രേറ്റ് കോടതിയില്‍ കോട്ടയം വെസ്റ്റ് പോലിസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 67 സാക്ഷികളാണ് ഉള്ളത്. 750 പേജുള്ള കുറ്റപത്രമാണ് പോലീസ് സമര്‍പ്പിച്ചത്. ഏപ്രില്‍ 22 നാണ് പ്രമുഖ വ്യവസായിയും കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുമായ വിജയകുമാര്‍ (64), ഭാര്യ മീര (60) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് വിജയകുമാറിന്റെ സ്ഥാപനത്തിലെ മുന്‍ ജോലിക്കാരനായിരുന്ന അമിത് ഉറാങ്ങി(24)നെ അറസ്റ്റ് ചെയ്തിരുന്നു. ദമ്പതിമാരെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട പ്രതിയെ ഇയാളുടെ സഹോദരന്‍ ജോലിചെയ്യുന്ന തൃശ്ശൂര്‍ മാളയിലെ കോഴിഫാമില്‍നിന്നാണ് പിടികൂടിയത്. പ്രതിയുടെ കുറ്റസമ്മതമൊഴി, ശാസ്ത്രീയ തെളിവുകള്‍, സാഹചര്യ തെളിവുകള്‍ എന്നിവയെല്ലാം ചേര്‍ത്താണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.

2024 ഫെബ്രുവരി മുതല്‍ വിജയകുമാറിന്റെ ഓഡിറ്റോറിയത്തിലും വീട്ടിലും പ്രതി ജോലിചെയ്തിരുന്നു. പ്രതിക്കൊപ്പം ഭാര്യയും ഇവിടെ ജോലിയിലുണ്ടായിരുന്നു. ഏഴുമാസത്തോളം ജോലിചെയ്തു. എന്നാല്‍, 20 ദിവസത്തെ ശമ്പളം കുടിശ്ശികയായി. ഇതിനിടെ അമിത്തും ഭാര്യയും നാട്ടില്‍ പോയി. ഇവരെ വിജയകുമാര്‍ വിളിച്ചുവരുത്തി. തുടര്‍ന്ന് വീണ്ടും പത്തുദിവസത്തോളം ജോലിചെയ്തു. എന്നാല്‍, അപ്പോഴേക്കും ഒരുമാസത്തെ ശമ്പളം കുടിശ്ശികയുണ്ടായിരുന്നു. അടുത്തമാസം ശമ്പളം തരാമെന്നാണ് വിജയകുമാര്‍ പ്രതിയോട് പറഞ്ഞത്. ഇത് വിരോധത്തിന് കാരണമായി. ഈ വിരോധത്തെത്തുടര്‍ന്നാണ് വിജയകുമാറിന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച് പ്രതി തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടേകാല്‍ ലക്ഷം രൂപയോളം ട്രാന്‍സ്ഫര്‍ ചെയ്തത്.

പണം നഷ്ടമായവിവരമറിഞ്ഞ് വിജയകുമാര്‍ സൈബര്‍പോലിസില്‍ പരാതി നല്‍കി. ഇതോടെ ഇടപാട് മരവിപ്പിച്ചിരുന്നു. പ്രതിക്ക് ആ പണം ഉപയോഗിക്കാനായില്ല. കേസില്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പണം തിരികെ നല്‍കാമെന്ന് പ്രതി പറഞ്ഞു. എന്നാല്‍, വിജയകുമാര്‍ പരാതിയില്‍നിന്ന് പിന്മാറിയില്ല. തുടര്‍ന്ന് അമിത്തിനെ അറസ്റ്റ് ചെയ്തു. സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ പ്രതി അഞ്ചരമാസത്തോളം ജയിലില്‍കഴിഞ്ഞു. ജാമ്യത്തിലിറങ്ങിയശേഷവും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിജയകുമാറിനെ കണ്ടിരുന്നു. എന്നാല്‍, അദ്ദേഹം അതിന് കൂട്ടാക്കിയില്ല.

ഭാര്യ ഗര്‍ഭിണിയായിരിക്കെയാണ് അമിത് റിമാന്‍ഡിലായത്. ഇതിനിടെ ഭാര്യയുടെ ഗര്‍ഭം അലസിപ്പോയി. ഇതെല്ലാം വിജയകുമാറിനോടുള്ള പകയ്ക്ക് കാരണമായി. എല്ലാത്തിനും കാരണം വിജയകുമാറാണെന്ന് പ്രതിക്ക് തോന്നി. സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം മൂന്നുദിവസം കോട്ടയത്തുണ്ടായിരുന്നു. പിന്നീട് ഇയാള്‍ ഇടുക്കിയിലെത്തി ഹോട്ടലില്‍ ജോലിക്ക് കയറി. വിജയകുമാറിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കോട്ടയത്ത് എത്തി ലോഡ്ജില്‍ മുറിയെടുത്തത്. തുടര്‍ന്നാണ് കൃത്യം നടത്തിയത്.