തിരു. മെഡിക്കല്‍ കോളേജ് ലിഫ്റ്റില്‍ രോഗി കുടുങ്ങിയ സംഭവം; അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
42 മണിക്കൂര്‍ മെഡിക്കല്‍ കോളേജിലെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂര്‍ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. ചികില്‍സക്കെത്തിയ പോങ്ങുമ്മൂട് സ്വദേശി രവീന്ദ്രന്‍ നായര്‍ക്ക് രണ്ടുമാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. അതിനു ശേഷം പ്രസ്തുത തുക ഉത്തരവാദികളില്‍ നിന്ന് നിയമാനുസൃതം ഈടാക്കാവുന്നതാണ്. ലിഫ്റ്റിന്റെ സര്‍വ്വീസ് നടത്തുന്ന കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നിയമാനുസൃതം നടപടിയെടുക്കാനുള്ള സ്വാതന്ത്ര്യം സര്‍ക്കാരിനുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ 13നാണ് സംഭവമുണ്ടായത്. ഇതില്‍ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതിലാണ് നടപടി ഉണ്ടായത്.
നഷ്ടപരിഹാരം നല്‍കിയ ശേഷം നടപടി റിപോര്‍ട്ട് കമ്മീഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. രവീന്ദ്രന്‍ നായര്‍ക്ക് ലിഫ്റ്റില്‍ കുടുങ്ങിയതുമായി ബന്ധപ്പെട്ടുള്ള ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ക്ക് സാധ്യമായ എല്ലാ ചികില്‍സയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് സൗജന്യമായി നല്‍കണം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ആവശ്യമുണ്ടെങ്കില്‍ അതും ലഭ്യമാക്കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു.
സിപിഐ തിരുമല ലോക്കല്‍ സെക്രട്ടറി കൂടിയായിരുന്ന രവീന്ദ്രന്‍ 2024 ജൂലൈ മാസത്തിലാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. നടുവേദനയുടെ ചികില്‍സയ്ക്കായി എത്തിയതായിരുന്നു രവീന്ദ്രന്‍. ഇതിനിടെയാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ഒന്നര ദിവസം ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നു. അടുത്ത ദിവസം ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോഴായിരുന്നു രവീന്ദ്രന്‍ ലിഫ്റ്റില്‍ കുടുങ്ങിയ വിവരം അറിഞ്ഞത്. സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. താന്‍ പല തവണ അലാറം അടിച്ചിട്ടും ആരും എത്തിയില്ലെന്ന് രവീന്ദ്രന്‍ പ്രതികരിച്ചിരുന്നു. വസ്ത്രത്തില്‍ മലമൂത്രവിസര്‍ജനം ചെയ്തു. മരിച്ചുപോകുമായിരുന്നു. എന്തോ ഭാഗ്യം കൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും മെഡിക്കല്‍ കോളേജിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും രവീന്ദ്രന്‍ പറഞ്ഞിരുന്നു.
രവീന്ദ്രന്‍ നായര്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 13ന് രാവിലെ 11.15 മുതല്‍ ജൂലൈ 15 രാവിലെ ആറുവരെ ലിഫ്റ്റില്‍ കുടുങ്ങിയെന്ന വസ്തുതയില്‍ എതിര്‍കക്ഷികള്‍ക്ക് തര്‍ക്കമില്ലെന്ന് ഉത്തരവില്‍ പറഞ്ഞു. തകരാറിലായ ലിഫ്റ്റ് ലോക്ക് ചെയ്യുകയോ സൂചനാബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്തിരുന്നില്ല. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയെങ്കിലും ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കാനുള്ള ഉത്തരവാദിത്വം മെഡിക്കല്‍ കോളേജിനുണ്ട്. അത് പാലിക്കപ്പെട്ടില്ല. ഈ ലിഫ്റ്റ് അടിക്കടി തകരാറിലാവുന്നതും നന്നാക്കിയാല്‍ വീണ്ടും തകരാറിലാവുന്നതും പതിവാണെന്ന് അന്വേഷണ റിപോര്‍ട്ടിലുണ്ട്.

