തിരുവല്ല കവിത കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി വ്യാഴാഴ്ച
പത്തനംതിട്ട: തിരുവല്ല കവിത കൊലക്കേസില്‍ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി. കേസില്‍ വ്യാഴാഴ്ച വിധി പറയും. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് കവിതയെ പ്രതി കൊലപ്പെടുത്തിയത്.
2019 മാര്‍ച്ച് 12-നാണ് കേസിനാസ്പദമായ സംഭവം. തിരുവല്ല നഗരത്തില്‍വെച്ച് കവിയൂര്‍ സ്വദേശിനിയായ കവിത(19)യെ അജിന്‍ റെജി മാത്യു തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു ഇരുവരും.
പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം. പെട്രോള്‍ പമ്പില്‍നിന്ന് മൂന്ന് കുപ്പികളിലായി പെട്രോള്‍ വാങ്ങിയ പ്രതി, നടന്നുപോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി. ശേഷം കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കവിത ചികില്‍സയിലിരിക്കെയാണ് മരിച്ചത്.