13കാരിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ കൂട്ടബലാല്‍സംഗം ചെയ്തു; മൂന്നു പേര്‍ കസ്റ്റഡിയില്‍
ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയില്‍ ഹുബ്ബള്ളിയില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ കൂട്ടബലാല്‍സംഗം ചെയ്തു. 14-15 വയസുള്ള മൂന്നു ആണ്‍കുട്ടികളാണ് കേസിലെ പ്രതികളെന്ന് പോലിസ് അറിയിച്ചു.
വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത സമയം എത്തിയ ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് ആവശ്യമായ സംരക്ഷണം ഏര്‍പ്പെടുത്തിയതായും മൂന്നു പ്രതികളെയും കസ്റ്റഡിയിലെടുത്തതായും ഹുബ്ബള്ളി ധാര്‍വാഡ് പോലിസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ അറിയിച്ചു.
പ്രതികളില്‍ രണ്ടു പേര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നും മൂന്നാമന്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചിട്ടുള്ളയാളാണെന്നും പോലിസ് വ്യക്തമാക്കി. ബലാല്‍സംഗത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നു പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് അറിയിച്ചു.