മൂന്നാമത്തെ പീഡന കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍
മാവേലിക്കര സബ് ജയിലിലേക്ക് മാറ്റും
പത്തനംതിട്ട: മൂന്നാമത്തെ പീഡന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ റിമാന്‍ഡില്‍ വിട്ടു. രാഹുലിനെ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലില്‍ എത്തിച്ചു. മൂന്ന് ദിവസത്തെ പോലിസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയിലാണ് അദ്ദേഹത്തെ ഹാജരാക്കിയത്. അന്വേഷണ സംഘം വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കാത്ത പശ്ചാത്തലത്തില്‍ കോടതി അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധിയില്‍ തെളിവെടുപ്പും ചോദ്യംചെയ്യലും കാര്യമായി മുന്നോട്ടു പോയില്ല. ബലാത്സംഗം നടന്നതായി പരാതിക്കാരി പറഞ്ഞ തിരുവല്ല ക്ലബ് സെവന്‍ ഹോട്ടലില്‍ മാത്രമാണ് രാഹുലുമായി തെളിവെടുപ്പ് നടത്തിയത്. പരാതിക്കാരിയുമായി ഹോട്ടലില്‍ വച്ച് കണ്ടിരുന്നു എന്നതല്ലാതെ രാഹുല്‍ ഒന്നും വിട്ടു പറഞ്ഞില്ല. ഒന്നിലധികം ഡിജിറ്റല്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, മൊബൈല്‍ ഫോണിലെ നിര്‍ണായക ഡാറ്റകള്‍ ലാപ്ടോപ്പിലേക്ക് പകര്‍ത്തി സൂക്ഷിച്ചെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍. ഈ ലാപ്ടോപ്പ് എവിടെയെന്നും രാഹുല്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയില്ല. അടൂരിലെ വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ലാപ്ടോപ്പ് കണ്ടെടുക്കാനും കഴിഞ്ഞില്ല.
രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായി അദ്ദേഹത്തെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വിശദമായ വാദം നാളെ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കും. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് കോടതിയില്‍ ഹാജരാകുന്നത്. ഇതൊരു കെട്ടിച്ചമച്ച കഥയാണ്, കേസില്‍ ബലാത്സംഗ കുറ്റം നിലനില്‍ക്കില്ല, അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് പ്രതിഭാഗം വാദിക്കുന്നത്.
