'അവര്‍ക്കെന്നെ തിരഞ്ഞെടുപ്പ് കഴിയും വരെ ജയിലിലിടണമായിരുന്നു': രാഹുല്‍ ഈശ്വര്‍

ഞാനുണ്ടെങ്കില്‍ ശബരിമല വിഷയം പറയുമല്ലോ എന്ന് രാഹുല്‍ ഈശ്വര്‍

Update: 2025-12-15 14:13 GMT

തിരുവനന്തപുരം: തന്നെ തിരഞ്ഞെടുപ്പ് കഴിയും വരെ ജയിലിലിടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചതെന്ന് രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനപരാതിയില്‍ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍. ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ മറച്ചു പിടിക്കാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പീഡനപരാതി ഉയര്‍ത്തിക്കൊണ്ടുവന്നത്. താന്‍ സമൂഹമാധ്യമങ്ങളിലടക്കം ഇതിനെതിരേ ശക്തമായി രംഗത്തു വരുമെന്ന് മുഖ്യമന്ത്രിക്കറിയാം. അതുകൊണ്ടാണ് തന്നെ അകത്തിട്ടത്.

തന്നെ അറസ്റ്റു ചെയ്തത് നോട്ടീസ് നല്‍കാതെയായിരുന്നുവെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. വ്യാജ പരാതിയിലാണ് കേസെടുത്തത്. അറസ്റ്റിന് മുന്‍പ് തനിക്ക് നോട്ടിസ് നല്‍കിയില്ല. ജയിലിലെ നിരാഹാരം പുരുഷ കമീഷനു വേണ്ടിയായിരുന്നു. നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാഴാഴ്ച തനിക്ക് ജാമ്യം നിഷേധിക്കപ്പെട്ടതും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞ മറ്റൊരു നുണ മൂലമാണെന്ന് രാഹുല്‍ പറയുന്നു. പോലിസ് റിപോര്‍ട്ട് കിട്ടിയിട്ടും കിട്ടിയില്ലെന്നാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞതെന്നും അതിനാലാണ് ജാമ്യം നിഷേധിക്കപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കള്ളത്തരത്തെ സത്യം കൊണ്ടു മാത്രമേ വിജയിക്കാനാകൂവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് റിമാന്‍ഡിലായ രാഹുല്‍ ഈശ്വറിന് 16 ദിവസത്തിനു ശേഷമാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. ജയില്‍ മോചിതനായ രാഹുലിനെ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്. തുടക്കത്തില്‍ ജയിലില്‍ നിരാഹാര സമരം നടത്തിയ രാഹുല്‍ പിന്നീട് നിര്‍ത്തി. സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ നവംബര്‍ 30നാണ് രാഹുല്‍ ഈശ്വറിനെ സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തത്.

Tags: