ഇസ്രായേല്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ന്നാല്‍ ഒരിക്കലും സമാധാനം ഉണ്ടാവില്ല; ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍

Update: 2025-06-18 08:50 GMT

തെഹ്‌റാന്‍: അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട എല്ലാ നിയന്ത്രണങ്ങളും ഇസ്രായേല്‍ ഭരണകൂടം അവഗണിക്കുകയാണെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാന്‍. ഇസ്രായേല്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ന്നാല്‍ മേഖലയില്‍ ഒരിക്കലും സുസ്ഥിരമായ സമാധാനവും സുരക്ഷയും കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സമാധാന ശ്രമങ്ങള്‍ക്കുവേണ്ടിയാണ് എപ്പോഴും വാദിച്ചിരുന്നത്, എന്നാല്‍ തെഹ്‌റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ അവര്‍ വധിച്ചു. ഇസ്രായേല്‍ ഭരണകൂടം ഇറാന്റെ സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തങ്ങളുടെ ആണവ പദ്ധതി പൂര്‍ണ്ണമായും സമാധാനപരമാണെന്ന് ഉറപ്പാക്കാന്‍, തെഹ്‌റാന്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇറാനെതിരെ ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്ര ശ്രമങ്ങളെ തടസ്സപ്പെടുത്താനുള്ള ശ്രമമായിരുന്നു ഈ ആക്രമണങ്ങളെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനും സ്ഥിരതയും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനും സഹായിക്കുന്നതിനായി യുഎഇ വിപുലമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: