'പോലിസിലെ ജനവിരുദ്ധമായ കാര്യങ്ങളില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുമില്ല';- മുഖ്യമന്ത്രി

Update: 2025-10-06 15:07 GMT

തിരുവനന്തപുരം: പോലിസിലെ ജനവിരുദ്ധമായ കാര്യങ്ങളില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ആവിഷ്‌കരിച്ച നയങ്ങള്‍ അതിന്റെ അന്തസത്ത ചോരാതെ തന്നെ നടപ്പാക്കാന്‍ നിയമിക്കപ്പെട്ടവരാണ് പോലിസ് സേന. കേരള പോലിസ് സീനിയര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുമെന്നും നീതി നടപ്പിലാക്കാന്‍ ആരുടേയും അനുമതിക്കായി കാത്തുനില്‍ക്കരുതെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ പോലിസ് സേന ജനകീയ സേനയായിരിക്കുന്നു. നാടിനും അത് നല്ല സംതൃപ്തിയാണ് നല്‍കുന്നത്. സര്‍ക്കാരിന്റെ കാഴ്ചപ്പാട് പ്രതിജ്ഞാബദ്ധമായി പോലിസ് നടപ്പിലാക്കുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിരപരാധികള്‍ അക്രമിക്കപ്പെടുകയും പ്രയാസം അനുഭവിക്കുകയും ചെയ്യുന്നു. എന്നാല്‍, വര്‍ഗീയ സംഘര്‍ഷങ്ങളില്ലാതെ മുന്നോട്ട് പോകാന്‍ കേരളത്തിന് കഴിയുന്നു. തെറ്റായ നടപടികളും അക്രമങ്ങളും വരെ ഉണ്ടാകുന്നു. എന്നാല്‍, സമാധാന അന്തരീക്ഷം നിലനിര്‍ത്തിപ്പോകാന്‍ പോലിസിന് കഴിയുന്നുണ്ട്. ആക്രമികളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് പോലിസിനുള്ളത്. ഇതില്‍ സീനിയര്‍ ഓഫീസര്‍മാര്‍ വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ്. ഒരു തരത്തിലുമുള്ള സമ്മര്‍ദവും സേനയ്ക്ക് മുകളിലില്ല.

ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയ പ്രതികള്‍ കല്‍ത്തുറങ്കിലായി. ഒരുകാലത്തും തെളിയിക്കപ്പെടില്ലെന്ന് കരുതിയ കേസുകള്‍ തെളിയിക്കപ്പെടുന്നു. നൂതന കുറ്റകൃത്യങ്ങള്‍ പോലും സമയബന്ധിതമായി തെളിയിക്കുന്നുണ്ട്. രാജ്യത്തിന് മാതൃകയാണ് കേരളാ പോലിസെന്നും അദ്ദേഹം പറഞ്ഞു.

Tags: