'കരൂര്‍ ദുരന്തത്തിനും ജനനായകന്റെ റിലീസ് വൈകിയതിന് പിന്നിലും ഗൂഢാലോചന നടന്നു'; വിജയ്
ചെന്നൈ: കരൂര്‍ ദുരന്തത്തിനും തന്റെ അവസാന സിനിമയായ ജനനായകന്റെ റിലീസും സംബന്ധിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണവുമായി ടിവികെ നേതാവ് വിജയ്. അവര്‍ എന്നെ എതിര്‍ക്കാന്‍ സഖ്യമുണ്ടാക്കി ഒരുമിച്ചിരിക്കുന്നു. എങ്ങനെയാണ് നിങ്ങളുടെ വിജയിയെ എല്ലാവരും എതിര്‍ക്കുന്നതെന്ന് എനിക്ക് വിശദീകരിക്കാന്‍ വയ്യ. കരൂരിലെ ഗൂഢാലോചന മുതല്‍ നമ്മുടെ അവസാന സിനിമയായ ജനനായകന്‍ വരെ ഈ തിരഞ്ഞെടുപ്പില്‍ എനിക്കെതിരെയുള്ള ആയുധമായി മാറ്റാന്‍ അവര്‍ ശ്രമിച്ചു. നിങ്ങള്‍ക്കു വേണ്ടി നീതി ചോദിക്കാന്‍ വന്ന എനിക്ക് ഇപ്പോള്‍ നീതി വേണം. തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു വിജയ്.
രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് ആദ്യ തിരഞ്ഞെടുപ്പില്‍ വിജയ് ജനവിധി തേടുന്നത്. ചെന്നൈയിലെ പെരമ്പൂരിലും തിരുച്ചി ഈസ്റ്റിലും. തിങ്കളാഴ്ച പെരുമ്പൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. രണ്ടു മണ്ഡലങ്ങളും ഡിഎംകെയുടെ സിറ്റിങ് സീറ്റുകളാണ്. തിരുച്ചിയില്‍ ഡിഎംകെ എംഎല്‍എ ഇനിഗോ ഇരുദയരാജും എഐഎഡിഎംകെയുടെ കെ രാജശേഖരനുമാണ് വിജയിയുടെ എതിരാളികള്‍.
വിജയിയുടെ അവസാന ചിത്രമായ ജനനായകന്‍ ഇക്കഴിഞ്ഞ ജനുവരി ഒന്‍പതിന് റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാത്തതിനാല്‍ റിലീസ് നടന്നില്ല. കേന്ദ്രം അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് സിനിമയ്ക്ക് സര്‍ട്ടിഫിക്കേഷന്‍ നിഷേധിക്കുകയാണെന്ന് വിജയ് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിജയുടെ സിനിമയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ എം കെ സ്റ്റാലിന് വിജയ് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കരൂര്‍ ദുരന്തത്തില്‍ 41പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27നായിരുന്നു സംഭവം. ഏപ്രില്‍ 23ന് ആദ്യമായി വിജയ് രൂപീകരിച്ച ടിവികെ തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇതുവരെ രണ്ടുതവണയാണ് കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐ വിജയ്യെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
