'ഇനിയൊരു നിതിന്‍ രാജോ രോഹിത് വെമുലയോ സിദ്ധാര്‍ഥനോ ഉണ്ടാകാന്‍ പാടില്ല, അവസാനം വരെ ഈ അച്ഛന്‍ അതിനുവേണ്ടിയിറങ്ങും'; നിതിന്‍ രാജിന്റെ പിതാവ്
കണ്ണൂര്‍: ക്യാംപസുകളില്‍ ഇനിയൊരു നിതിന്‍ രാജോ രോഹിത് വെമുലയോ സിദ്ധാര്‍ഥനോ ഉണ്ടാവാന്‍ പാടില്ലെന്നും മകന് നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പിതാവ് രാജന്‍. നിതിന്‍ രാജിന്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു. കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണറെ കണ്ട് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട് പ്രധാന ആരോപണ വിധേയരായ റാമിനെയും സംഗീതയേയും ഇതുവരെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. അതില്‍ ഒരു വീഴ്ച വരാന്‍ പാടില്ല. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച് നിതിനെ അധ്യാപകര്‍ കൂട്ടം ചേര്‍ന്ന് വിചാരണ ചെയ്യുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. കോളജ് ഈ വിഷയത്തില്‍ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. ഒരു 21 വയസുകാരനോട് ചെയ്യാന്‍ പാടില്ലാത്ത ക്രൂരതയാണ് അവിടെ നടന്നത്. അതിനാല്‍ നിതിന്റെ മരണത്തില്‍ പ്രിന്‍സിപ്പലിനേയും പ്രതി ചേര്‍ക്കണമെന്നും പിതാവ് രാജന്‍ ആവശ്യപ്പെട്ടു.
അമ്മയുടെ ചികില്‍സാര്‍ഥമാണ് നിതിന്‍ ലോണ്‍ ആപ്പില്‍ നിന്നും പണം എടുത്തത്. തിരിച്ചടവ് മുടങ്ങിയപ്പോള്‍ അത് അടയ്ക്കാന്‍ കുടുംബം ബാധ്യസ്ഥരായിരുന്നു. എന്നാല്‍ ഇക്കാര്യം കോളജ് അധികൃതര്‍ ഒരിക്കല്‍ പോലും കുടുംബത്തെ വിളിച്ചറിയിച്ചില്ല. രക്ഷിതാക്കളെ വിളിച്ചുവരുത്തി സംസാരിക്കുന്നതിന് പകരം നിതിനെ അവര്‍ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു. എല്ലാ ആഴ്ചയും നാട്ടിലെത്തി സുഖമില്ലാത്ത അമ്മയെയും കുടുംബത്തെയും ആശ്വസിപ്പിച്ചിരുന്ന, നന്നായി പഠിച്ചിരുന്ന ഒരു മകനെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

