'സമരക്കാരെ വേട്ടയാടിയിട്ട് കാര്യമില്ല, ദുര്‍ഗന്ധത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണം'; ഫ്രഷ് കട്ട് പ്ലാന്റിനെതിരേ പി കെ കുഞ്ഞാലിക്കുട്ടി

Update: 2025-11-03 11:18 GMT

കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റിനെതിരേ പ്രതിഷേധിച്ച ജനങ്ങളെ വേട്ടയാടിയിട്ട് കാര്യമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ലീഗ് ഏറ്റെടുക്കേണ്ട രാഷ്ട്രീയ വിഷയമെന്നതിനേക്കാളുപരി ഇത് ജനങ്ങളുടെ മൊത്തം പ്രശ്‌നമാണ്. നാട്ടുകാര്‍ ഏറ്റെടുക്കേണ്ട സമരമാണിത്. ജനങ്ങളെ ഈ ദുര്‍ഗന്ധത്തില്‍ നിന്ന് രക്ഷിക്കാനുള്ള വഴികളൊരുക്കണം. അവരെ അടിച്ചൊതുക്കി പ്ലാന്റ് തുറക്കാനാണ് നീക്കമെങ്കില്‍ അനുവദിക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ജനങ്ങള്‍ നേരിടുന്ന പ്രയാസത്തിന് ഉടന്‍ പരിഹാരം കാണാനുള്ള നടപടി തുടങ്ങണം. ജനങ്ങള്‍ സഹകരിക്കുമോയെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. മറിച്ച് അടിച്ചമര്‍ത്തി ഇവരെ ഒതുക്കാമെന്നാണ് കരുതുന്നതെങ്കില്‍ അതൊന്നും നടക്കില്ല. ലീഗ് ഏറ്റെടുക്കേണ്ട രാഷ്ട്രീയ വിഷയം എന്നതിനേക്കാളുപരി ഇത് ജനങ്ങളുടെ മൊത്തം പ്രശ്‌നമാണ്. നാട്ടുകാര്‍ ഏറ്റെടുക്കേണ്ട സമരമാണിത്. ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകും' പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് തുറക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തോട് ശക്തമായ ഭാഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതികരണം. ജനങ്ങളുടെ പരാതി പരിഹരിക്കാതെ ഫാക്ടറി തുറക്കാനനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐയും പ്രഖ്യാപിച്ചു. ജനപ്രതിനിധികളെ ക്ഷണിക്കാതെ കലക്ടര്‍ വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. നാളെ മുതല്‍ സമരം പുനരാംരഭിക്കുമെന്ന് സമരസമിതി അറിയിച്ചു. ഫ്രഷ് കട്ട് പുനരാരംഭിക്കുന്നതിനു മുന്നോടിയായി പ്രദേശത്ത് പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.