'എല്‍ഡിഎഫില്‍ മുഖ്യമന്ത്രി പദവി പ്രേമികളില്ല'; എം എ ബേബി

ഇടതുപക്ഷ മുന്നണിയില്‍ ജനപക്ഷ രാഷ്ട്രീയ പ്രേമികളാണുള്ളതെന്ന് എം എ ബേബി

Update: 2026-01-18 13:12 GMT

തിരുവനന്തപുരം: എല്‍ഡിഎഫില്‍ മുഖ്യമന്ത്രി പദവി പ്രേമികളില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇടതുപക്ഷ മുന്നണിയില്‍ ജനപക്ഷ രാഷ്ട്രീയ പ്രേമികളാണുള്ളത്. തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പോരാട്ടത്തെ പിണറായി വിജയന്‍ നയിക്കും. മുന്നണിയിലെ പ്രധാന നേതാവ് പിണറായിയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളിലൂന്നി പ്രചാരണം നടത്താന്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായെന്ന് എം എ ബേബി അറിയിച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം സാധ്യമാക്കിയതില്‍ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചുവെന്നും എകെജി സെന്ററില്‍ മാധ്യമങ്ങളോട് സംസാരിക്കവേ എം എ ബേബി പറഞ്ഞു.

എല്‍ഡിഎഫിന്റെ മൂന്നാം ഭരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് എം എ ബേബി പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധവും ഫെഡറലിസത്തിനെതിരായ നീക്കങ്ങള്‍ തുറന്നു കാട്ടും. കേരളത്തില്‍ എല്‍ഡിഎഫിനെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും മല്‍സരിക്കുന്നു. ആര്‍എസ്എസിനും ബിജെപിക്കും എതിരായ ആശയ സമരത്തില്‍ കോണ്‍ഗ്രസിന് ഉണ്ടാകുന്ന പോരായ്മ തുറന്നു കാട്ടുമെന്ന് എം എ ബേബി പറഞ്ഞു. സിപിഎമ്മിനെതിരായ മൃദു ഹിന്ദുത്വ പ്രചാരണം ആസൂത്രിത ശ്രമമെന്ന് എം എ ബേബി പറഞ്ഞു. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിനൊപ്പം നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് അദേഹം വ്യക്തമാക്കി. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണം ചര്‍ച്ച ചെയ്യും. അവിടുത്തെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കും. കോണ്‍ഗ്രസ് ബന്ധം ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്ന് എം എ ബേബി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വിജയത്തിനായി നേട്ടങ്ങളിലൂന്നിയ പ്രചാരണത്തിലൂടെ പാര്‍ട്ടി പ്രവര്‍ത്തിക്കും. ബിജെപി നയിക്കുന്ന യൂണിയന്‍ സര്‍ക്കാര്‍ കേരളത്തിനര്‍ഹതപ്പെട്ട വിഭവങ്ങള്‍ നിഷേധിക്കുന്നതിനേയും, അങ്ങനെ സംസ്ഥാനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധികളേയും, ഫെഡറലിസത്തിനെതിരായ നീക്കങ്ങളേയും തുറന്നുകാട്ടും. പാര്‍ലമെന്റിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി എന്ന നിലയില്‍ ഫെഡറലിസത്തെ അട്ടിമറിക്കാന്‍ നടത്തപ്പെടുന്ന നീക്കങ്ങളെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസ് വരുത്തുന്ന വീഴ്ചയേയും പാര്‍ട്ടി തുറന്നുകാട്ടും.

അസമില്‍ രൂക്ഷമായ വര്‍ഗീയ വിഭജനം നടത്തുന്ന ബിജെപി സര്‍ക്കാരിനെ പരാജയപ്പെടുത്തുന്നതിനായി എല്ലാ ബിജെപി വിരുദ്ധ പാര്‍ട്ടികളേയും, ശക്തികളേയും സംഘടിപ്പിക്കും. പുതുച്ചേരിയില്‍ ബിജെപി മുന്നണി സര്‍ക്കാരിനെ പരാജയപ്പെടുത്താനായി പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും എം എ ബേബി പറഞ്ഞു.

Tags: