പ്രതിഷ്ഠ വരെ അടിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന മുരാരി ബാബുമാര്‍ ദേവസ്വം ബോര്‍ഡിലുണ്ട്; ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന് വെള്ളാപ്പള്ളി

Update: 2025-10-29 09:14 GMT

കോഴിക്കോട്: രാഷ്ട്രീയത്തില്‍ ഭാവിയോ ഇടമോ ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സുഖമായി പദവി ആസ്വദിച്ച് കഴിയാനുള്ള സംവിധാനമാണ് ദേവസ്വം ബോര്‍ഡുകളെന്ന് എസ്എന്‍ഡിപി യോഗംജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം മുഖപത്രമായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം. അഞ്ച് ദേവസ്വം ബോര്‍ഡുകളും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും അതുകൊണ്ട് അവ പിരിച്ചുവിടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കും വിധം ദേവസ്വം ബോര്‍ഡുകളുടെ ഭരണം മാറി. രാഷ്ട്രീയ സ്വാധീനത്തില്‍ അവിടെയെത്തുന്ന ഉദ്യോഗസ്ഥരുടെമേല്‍ അഴിമതിക്കറ പുരണ്ടിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം. എണ്ണം കുറച്ച് പരമാവധി രണ്ട് എന്ന കണക്കിലേക്ക് മാറ്റണം. ദേവസ്വത്തിന് മാത്രമായി പ്രത്യേക മന്ത്രിയെ നല്‍കണമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

കോടതിയുടെ ഇടപെടല്‍ ഒന്നുകൊണ്ടുമാത്രമാണ് ദേവസ്വം ബോര്‍ഡുകള്‍ ഇതുപോലെയെങ്കിലും പ്രവര്‍ത്തിക്കുന്നത്. അല്ലായിരുന്നുവെങ്കില്‍ പ്രതിഷ്ഠ വരെ അടിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന മുരാരി ബാബുമാര്‍ ദേവസ്വം ബോര്‍ഡിലുണ്ട്. രാഷ്ട്രീയ പുറമ്പോക്കില്‍ ഗതികിട്ടാപ്രേതങ്ങളായി അലയുന്ന നിര്‍ഗുണന്മാരായ നേതാക്കള്‍ക്ക് ജീവിക്കാന്‍ വകയും പദവിയും നല്‍കുന്ന സംവിധാനമായി ദേവസ്വം ബോര്‍ഡുകള്‍ മാറിയെന്നും വെള്ളാപ്പള്ളി ലേഖനത്തില്‍ പറയുന്നു.

Tags: