തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ജി ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.കെപിസിസി മുന്‍ പ്രസിഡന്റും പാര്‍ലമെന്റ് മുന്‍ അംഗവുമായിരുന്നു. കൊല്ലം ജില്ലയിലെ ശൂരനാട് ഗ്രാമത്തില്‍ തെന്നല എന്‍ ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാര്‍ച്ച് പതിനൊന്നിനാണ് ജനനം. കോണ്‍ഗ്രസിന്റെ പുളിക്കുളം വാര്‍ഡ് കമ്മറ്റി പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലം ഡിസിസിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1977ലും 1982ലും അടൂരില്‍ നിന്ന് നിയമസഭാംഗമായി.