തെങ്കാശി ബസ് അപകടം; മരണം ഏഴായി

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

Update: 2025-11-24 15:51 GMT

തെങ്കാശി: തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ ഏഴായി. ആറു സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. വനരാജ്, കര്‍പ്പകവല്ലി, തേന്‍മൊഴി, മല്ലിക, മുത്തുലക്ഷ്മി, സുബ്ബലക്ഷ്മി, ഷണ്‍മുഖത്തായ് എന്നിവരാണ് മരിച്ചത്. ഐസിയുവില്‍ ചികില്‍സയിലുള്ള ഒന്‍പതു പേരില്‍ നാലു പേരുടെ നില ഗുരുതരമെന്ന് തെങ്കാശി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപയും ഗുരുതര പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 50,000 രൂപയും തമിഴ്‌നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ രണ്ട് ബസ് ഡ്രൈവര്‍മാര്‍ക്കുമെതിരേ എലത്തൂര്‍ പോലിസ് കേസെടുത്തു. രാജപാളയത്തുനിന്ന് തെങ്കാശിയിലേക്കുവന്ന ബസ് അമിതവേഗതയില്‍ മറ്റൊരുവാഹനത്തെ മറികടന്നെത്തുന്നതിനിടയില്‍ മറുഭാഗത്തുനിന്നെത്തിയ ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടം.

ഇന്ന് രാവിലെയാണ് തിരുമംഗലം-കൊല്ലം ദേശീയപാതയില്‍(എന്‍എച്ച്)തെങ്കാശിയില്‍ നിന്ന് രാജപാളയത്തേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ശങ്കരന്‍കോവിലില്‍ നിന്ന് തെങ്കാശിയിലേക്കു പോകുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു ബസുകളും പൂര്‍ണ്ണമായും തകര്‍ന്നു. അഗ്‌നിശമന സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.