കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് 16,500 രൂപ കവര്‍ന്നു; മോഷ്ടാവ് ചോദിച്ചത് നാട്ടുകാര്‍ സഹായിച്ച തുക
അടിമാലി: കാന്‍സര്‍ രോഗിയായ വീട്ടമ്മ കട്ടിലില്‍ കെട്ടിയിട്ട ശേഷം 16,500 രൂപ തട്ടിയെടുത്തു. അടിമാലി എസ്എന്‍ പടിയില്‍ താമസിക്കുന്ന കളരിക്കല്‍ ഉഷ സന്തോഷാണ് (47) ഇന്നലെ രാവിലെ ഏഴരയോടെ മോഷണത്തിനും ആക്രമണത്തിനും ഇരയായത്. ഇവര്‍ക്ക് അടിമാലി കല്ലാറില്‍ 10 സെന്റ് വീടും സ്ഥലവുമുണ്ടായിരുന്നു. ചികിത്സയ്ക്കായി ഇവ വില്‍ക്കേണ്ടി വന്നു. മൂന്നു മാസം മുന്‍പ് അടിമാലിയില്‍ ജനകീയസമിതിയുണ്ടാക്കി ടൗണില്‍ ഗാനമേള നടത്തിയും സുമനസ്സുകളുടെ സഹായത്തോടെയും 6 ലക്ഷം രൂപ സമാഹരിച്ചിരുന്നു. ഈ തുക എവിടെയാണെന്നു ചോദിച്ചാണ് മോഷ്ടാവ് എത്തിയത്.
രണ്ടു ദിവസം മുന്‍പു നടത്തിയ കീമോതെറപ്പി ചികിത്സയെത്തുടര്‍ന്നു ക്ഷീണിതയായ ഉഷ കട്ടിലില്‍ കിടക്കുകയായിരുന്നു. ഭര്‍ത്താവ് സന്തോഷ് (52) രാവിലെ മേസ്തിരി ജോലിക്കും മകള്‍ അതുല്യ (18) തൊടുപുഴയില്‍ പഠനത്തിനുമായി പോയിരിക്കുകയായിരുന്നു. ഉഷ ദേഹത്ത് ഇട്ടിരുന്ന തോര്‍ത്ത് മോഷ്ടാവ് വായില്‍ തിരുകി. കട്ടിലില്‍നിന്ന് വലിച്ചു നിലത്തിട്ടശേഷം കട്ടിലില്‍ കെട്ടിയിട്ടു. പഴ്‌സില്‍ സൂക്ഷിച്ചിരുന്ന 16,500 രൂപയാണു മോഷ്ടാവ് കവര്‍ന്നത്.