വീട് കുത്തിത്തുറന്ന് 31 പവന്‍ സ്വര്‍ണ ആഭരണങ്ങള്‍ കവര്‍ന്നു

Update: 2025-06-02 01:57 GMT

കടുത്തുരുത്തി: വീട് കുത്തിതുറന്ന് 31 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും കവര്‍ന്നു. മാന്‍വെട്ടം മേമ്മുറി നെടുതുരുത്ത് മ്യാലില്‍ എന്‍ ജെ ജോയിയുടെ വീട്ടിലാണ് മോഷണം നടന്നത്. ബന്ധുവിന്റെ വിവാഹ വേളയില്‍ ധരിക്കാനായി ബാങ്ക് ലോക്കറില്‍ നിന്നെടുത്ത ആഭരണങ്ങള്‍ ഇന്നു രാവിലെ തിരിച്ചുവയ്ക്കാനിരിക്കെയാണ് കവര്‍ച്ച നടന്നത്.

ജോയിയും ഭാര്യ ലിസിയും മകള്‍ ജൂലിയുടെ അസുഖവുമായി ബന്ധപ്പെട്ടു ശനിയാഴ്ച രാത്രി തെള്ളകത്തെ ആശുപത്രിയിലായിരുന്നു. ഇന്നലെ രാവിലെ 9നു ജോയി വീട്ടിലെത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്. ഇരുനില വീട്ടിലെ മുന്‍വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍, കട്ടിലിലെ കിടക്കയ്ക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോലുകള്‍ കൈവശപ്പെടുത്തി 5 അലമാരകളും മേശകളും തുറന്നാണു കവര്‍ച്ച നടത്തിയത്. ഈ പ്രദേശത്ത് നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ മേമ്മുറി കുരിശുപള്ളിക്കു സമീപം ആള്‍ത്താമസമില്ലാത്ത വീട്ടിലും കവര്‍ച്ച നടന്നതായി പോലിസ് കണ്ടെത്തി. യുകെയില്‍ ജോലി ചെയ്യുന്ന സജി പുതിയാകുന്നേലിന്റെ വീട്ടില്‍നിന്നു വില കൂടിയ വിദേശമദ്യവും പെര്‍ഫ്യൂമുകളുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.