കണ്ണൂര്‍: അടച്ചിട്ട വീട്ടുപരിസരത്ത് കയറി തേങ്ങയും അടയ്ക്കയും മോഷ്ടിച്ചവര്‍ക്കെതിരേ കേസ്. പയ്യന്നൂര്‍ കോറോമിലാണ് സംഭവം. പ്രതികള്‍ പറമ്പില്‍ കയറി തേങ്ങയും അടയ്ക്കയും മോഷ്ടിക്കുന്നത് ഉടമ ബെംഗളൂരുവില്‍ ഇരുന്ന് സിസിടിവി ക്യാമറയിലൂടെ കണ്ടു. തുടര്‍ന്ന് വീഡിയോ അടക്കം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ആഗസ്റ്റ് മുതലാണ് വീട്ടുപറമ്പില്‍ കയറി പല തവണയായി തേങ്ങ മോഷ്ടിച്ചത്. തേങ്ങയും അടയ്ക്കയുമെല്ലാം ചാക്കുകളിലാക്കി കടത്തുകയായിരുന്നു. വീടിന്റെ പലയിടങ്ങളിലായി സ്ഥാപിച്ച സിസിടിവികളില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞു. തുടര്‍ന്ന് തെളിവു സഹിതം പയ്യന്നൂര്‍ പോലിസിന് ഇ-മെയിലില്‍ പരാതി അയച്ചു. നാലുമാസം മുന്‍പ് ജയിലില്‍ നിന്നിറങ്ങിയ തമ്പാന്‍ എന്നയാളാണ് മോഷണം നടത്തിയതെന്ന് പോലിസ് പറയുന്നു. ഇയാളെ പിടിക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി.