ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും വസ്ത്രവും കവര്‍ന്നു

Update: 2025-08-07 04:35 GMT

ഫറോക്ക്: ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്ക് വിളിച്ചുവരുത്തി അവരുടെ വസ്ത്രവും പണവും മൊബൈല്‍ഫോണുകളും കവര്‍ന്നതായി പരാതി. പശ്ചിമബംഗാള്‍ സ്വദേശികളായ റജാവുല്‍ അലിയുടെയും സുഹൃത്ത് അബ്ദുല്‍കരീം മോണ്ടാലുവിന്റെയും ഫോണും 11,500 രൂപയുമാണ് കവര്‍ന്നത്. കാടുവെട്ടാനുണ്ടെന്നുപറഞ്ഞ് കാറിലെത്തിയ സംഘം അതിഥിത്തൊഴിലാളികളെ കൂട്ടിക്കൊണ്ടുവന്ന് ആളൊഴിഞ്ഞപറമ്പില്‍ ജോലിക്കായി ഇറക്കിവിടുകയും പ്രദേശത്തെ കാടുവെട്ടാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍, ഇവര്‍ ജോലിയിലേര്‍പ്പെട്ട തക്കംനോക്കി ഇവരുടെ പണവും മൊബൈല്‍ഫോണും ഇവരെ ജോലിക്കുകൊണ്ടുവന്ന സംഘം മോഷ്ടിക്കുകയായിരുന്നു. സംഭവത്തില്‍ നല്ലളം പോലിസ് കേസെടുത്തു. പന്തീരാങ്കാവ് സ്‌റ്റേഷനില്‍ കഴിഞ്ഞവര്‍ഷം സമാനസംഭവമുണ്ടായതായി പോലിസ് പറഞ്ഞു.