മാനസികാരോഗ്യം എല്ലാ നയങ്ങളിലും ഉള്‍പ്പെടുത്തി മുന്നേറാന്‍ ലോകാരോഗ്യ സംഘടന; സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടന (ഡബ്‌ളിയുഎച്ച്ഒ) എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും മാനസികാരോഗ്യം പ്രോല്‍സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ട് പുതിയ നയപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആരോഗ്യ വകുപ്പിന് അതീതമായി സര്‍ക്കാര്‍ നയങ്ങളുടെ എല്ലാ ഘട്ടങ്ങളിലും മാനസികാരോഗ്യ പരിഗണനകള്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്നതിലാണ് ഈ രേഖയുടെ പ്രാധാന്യം. വിവിധ മേഖലകള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങളുടെ മാനസികാരോഗ്യം സമഗ്രമായി മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് ഡബ്‌ളിയുഎച്ച്ഒ വ്യക്തമാക്കുന്നു.
ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ നിര്‍ണയിക്കുന്നത് വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക സുരക്ഷ, നീതിന്യായം, പരിസ്ഥിതിവ്യവസ്ഥ, നഗരഗ്രാമ വികസനം, കല, കായികം തുടങ്ങി നിരവധി ഘടകങ്ങളാണെന്ന് വിലയിരുത്തുന്നു. ഇതോടൊപ്പം തന്നെ 10 പ്രധാന സര്‍ക്കാര്‍ മേഖലകളില്‍ മാനസികാരോഗ്യ പരിഗണനകള്‍ എങ്ങനെ സംയോജിപ്പിക്കാമെന്നതിനെ കുറിച്ചുള്ള വിശദമായ നിര്‍ദ്ദേശങ്ങളും ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നയങ്ങള്‍ ആവിഷ്‌കരിക്കുകയും, നടപ്പാക്കുകയും, നിരീക്ഷിക്കുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ സര്‍ക്കാരുകള്‍ക്ക് സഹായകമാകുന്ന എട്ടു ഘട്ട പ്രവര്‍ത്തനരൂപരേഖയും അവതരിപ്പിച്ചു. സ്‌കൂളുകളില്‍ മാനസികാരോഗ്യ ബോധവല്‍ക്കരണപ്രോല്‍സാഹന പരിപാടികള്‍ നടപ്പാക്കുക, കൗണ്‍സിലിങ് സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുക, തൊഴിലിടങ്ങളില്‍ സമ്മര്‍ദം കുറയ്ക്കാനുള്ള നടപടികള്‍ രൂപീകരിക്കുക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് നീതിന്യായ വ്യവസ്ഥയില്‍ മനുഷ്യാധിഷ്ഠിത സമീപനം ഉറപ്പാക്കുക, ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹികസാമ്പത്തിക പിന്തുണ വര്‍ധിപ്പിക്കുക തുടങ്ങിയവയും ഇതില്‍ പ്രധാനമായി രേഖപ്പെടുത്തുന്നു.
മാനസികാരോഗ്യം എന്നത് രോഗമില്ലായ്മ മാത്രമല്ല; വ്യക്തിയുടെ കഴിവുകളും സാധ്യതകളും തിരിച്ചറിയാനും ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെ ഫലപ്രദമായി നേരിടാനും, പഠന-തൊഴില്‍ രംഗങ്ങളില്‍ ഉല്‍പ്പാദനക്ഷമതയോടെ പ്രവര്‍ത്തിക്കാനും, സമൂഹത്തില്‍ പോസിറ്റീവ് ഇടപെടലുകള്‍ നടത്താനും കഴിയുന്ന അവസ്ഥയാണെന്ന് ഡബ്‌ളിയുഎച്ച്ഒ വ്യക്തമാക്കുന്നു. ശാരീരിക ആരോഗ്യത്തിലും വ്യക്തിജീവിത വിജയത്തിലും മാനസികാരോഗ്യത്തിന് വലിയ പങ്കുണ്ടെന്നും അതുകൊണ്ടുതന്നെ എല്ലാ സര്‍ക്കാര്‍ നയങ്ങളിലും ഇതിന് മുന്‍ഗണന നല്‍കണമെന്ന് സംഘടന ഊന്നിപ്പറഞ്ഞു.
