ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം

Update: 2025-12-23 02:17 GMT

മാവേലിക്കര: സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ രൂപപ്പെട്ട സങ്കീര്‍ണതകളെത്തുടര്‍ന്നു യുവതി മരിച്ചു. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കള്‍ പ്രതിഷേധിച്ചു. അണ്ഡാശയ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെ കറ്റാനം ഭരണിക്കാവ് വടക്ക് വട്ടപ്പണത്തറയില്‍ രെജീഷിന്റെ ഭാര്യ ധന്യ (42) ആണു മരിച്ചത്. ബന്ധുക്കളുടെ പരാതിയില്‍ പോലിസ് കേസെടുത്തു. പ്രതിഷേധത്തിനിടെ ഡോക്ടര്‍ക്കു നേരെ കൈയ്യേറ്റശ്രമവും ഉണ്ടായി. താക്കോല്‍ദ്വാര ശസ്ത്രക്രിയയാണു ധന്യയ്ക്കു നിശ്ചയിച്ചിരുന്നത്. ഇതു ചെയ്യുന്നതിനിടെ, ചേര്‍ന്നിരുന്ന കുടലുകള്‍ അകറ്റുമ്പോള്‍ രക്തസ്രാവം ഉണ്ടായി. തുടര്‍ന്ന് ഓപ്പണ്‍ ശസ്ത്രക്രിയ നടത്തി രക്തസ്രാവം പരിഹരിച്ച ശേഷം മുഴ നീക്കം ചെയ്തു. അതിനു പിന്നാലെയാണു മരിച്ചത്.