'വിടപറഞ്ഞത് മധ്യകേരളത്തിലെ മുസ് ലിം ലീഗിന്റെ ശബ്ദം'; അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്‍ മന്ത്രിയും ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗിന്റെ നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. നാലുതവണ എംഎല്‍എയും അതില്‍ രണ്ടുതവണ മന്ത്രിയുമായിരുന്ന ഇബ്രാഹിം കുഞ്ഞ് മധ്യകേരളത്തിലെ മുസ് ലിം ലീഗിന്റെ ശബ്ദമായിരുന്നു. ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്ന നേതാവാണ് ഇബ്രാഹിം കുഞ്ഞെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ഇബ്രാഹിം കുഞ്ഞിന്റെ മരണത്തിലൂടെ പാര്‍ട്ടിക്കുണ്ടായത് കനത്ത നഷ്ടമാണെന്നും ഹൃദയങ്ങളിലേക്ക് സ്നേഹ പാലം പണിത വ്യക്തിയായിരുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങളും അനുസ്മരിച്ചു. ലീഗിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച നേതാവായിരുന്നു ഇബ്രാഹിം കുഞ്ഞെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും ഓര്‍ത്തെടുത്തു. വി കെ ഇബ്രാഹിം കുഞ്ഞിനോടുള്ള ആദരസൂചകമായി പാര്‍ട്ടിയുടേയും പോഷക സംഘടനകളുടേയും മൂന്നു ദിവസത്തെ(ജനുവരി 6,7,8 ചൊവ്വ, ബുധന്‍, വ്യാഴം) പൊതുപരിപാടികള്‍ മാറ്റിവെച്ചതായി മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം അറിയിച്ചു.
ഏറെ നാളായി അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്ന ഇബ്രാഹിം കുഞ്ഞ് ചികില്‍സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലു തവണ എംഎല്‍എയും രണ്ടു തവണ മന്ത്രിയുമായിട്ടുള്ള അദ്ദേഹം മുസ് ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡ് അംഗമടക്കമുള്ള പദവികള്‍ വഹിച്ചിരുന്നു. 2001ലും 2006ലും മട്ടാഞ്ചേരിയില്‍ നിന്നും 2011ലും 2016ലും കളമശേരിയില്‍ നിന്നും നിയമസഭാംഗമായ അദ്ദേഹം യുഡിഎഫ് സര്‍ക്കാരുകളില്‍ വ്യവസായ, പൊതുമരാമത്ത് വകുപ്പുകളുടെ മന്ത്രിയായിരുന്നു.
