വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള തങ്ങളുടെ പിന്മാറ്റം അമേരിക്ക ഔദ്യോഗികമായി പൂര്‍ത്തിയാക്കി. ഒരു വര്‍ഷം മുമ്പ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. വെള്ളിയാഴ്ചയാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും ആരോഗ്യ-മനുഷ്യ സേവന വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചത്.
ലോകാരോഗ്യ സംഘടന അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചതായും ഉത്തരവാദിത്തം, സുതാര്യത, പരിഷ്‌കരണം എന്നിവയില്‍ പരാജയപ്പെട്ടതായും യുഎസ് ഭരണകൂടം കുറ്റപ്പെടുത്തി. കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ സംഘടന വരുത്തിയ വീഴ്ചകളെ വൈറ്റ് ഹൗസ് രൂക്ഷമായി വിമര്‍ശിച്ചു. അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ ലോകാരോഗ്യ സംഘടന കാലതാമസം വരുത്തിയെന്നും ഇത് അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും യുഎസ് അറിയിച്ചു.
അമേരിക്കയുടെ പിന്മാറ്റം സംബന്ധിച്ച് ഫെബ്രുവരിയില്‍ നടക്കുന്ന എക്‌സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തില്‍ ലോകാരോഗ്യ സംഘടന വിശദമായി ചര്‍ച്ച ചെയ്യും. നിലവില്‍ സംഘടനയിലേക്ക് തിരിച്ചുപോകാനോ നിരീക്ഷക പദവി സ്വീകരിക്കാനോ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.