പാചകവാതക സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി 35 ദിവസമായി ഉയര്‍ത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം
ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി 35 ദിവസമായി ഉയര്‍ത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. നിലവില്‍ നഗരപ്രദേശങ്ങളില്‍ 25 ദിവസവും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസവുമാണ് രണ്ട് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനിടയിലുള്ള ഇടവേള.ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിന്റെ ഭാഗമായാണ് രണ്ട് സിലിണ്ടറുകള്‍ക്കിടയിലുള്ള ബുക്കിംഗ് കാലാവധി നേരത്തെ 25 ദിവസമാക്കി നിശ്ചയിച്ചിരുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി കൂടുതല്‍ എല്‍പിജി ഉല്‍പ്പാദിപ്പിക്കാന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അവശ്യ പൊതുസേവനങ്ങളെ ഈ സമയപരിധി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് ആവശ്യത്തിന് പാചകവാതക ശേഖരം ഉണ്ടെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.