രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു, പോലിസും ഫയര്‍ഫോഴ്‌സും തള്ളിനീക്കി

നിലയ്ക്കലിലെ ലാന്‍ഡിങ് മാറ്റിയതോടെ പ്രമാടത്ത് കോണ്‍ക്രീറ്റ് ചെയ്തത് രാവിലെ

Update: 2025-10-22 06:19 GMT

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുര്‍മു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. തുടര്‍ന്ന് പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി നീക്കി. നിലയ്ക്കലിലെ ലാന്‍ഡിങ് മാറ്റിയതോടെ രാവിലെയാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ചെയ്തത്. കാലാവസ്ഥ പ്രതിസന്ധിയെ തുടര്‍ന്നാണ് പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറക്കിയത്.

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് രാവിലെയാണ് ശബരിമലയില്‍ ദര്‍ശനം നടത്താനായി പുറപ്പെട്ടത്. രാജ്ഭവനില്‍ നിന്ന് രാവിലെ 7.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ശേഷം ഹെലികോപ്റ്ററില്‍ പത്തനംതിട്ടയിലേക്കെത്തി. നിശ്ചയിച്ചതിലും നേരത്തെയായിരുന്നു രാഷ്ട്രപതിയുടെ യാത്ര. രാവിലെ ഒമ്പതിന് പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറങ്ങിയ ശേഷം അവിടെനിന്ന് റോഡ് മാര്‍ഗം പമ്പയിലേക്ക് പോയി. പമ്പയില്‍ നിന്ന് കെട്ടുനിറച്ച ശേഷം പോലിസിന്റെ ഫോഴ്‌സ് ഗൂര്‍ഖാ വാഹനത്തിലായിരിക്കും സന്നിധാനത്തേക്ക് പോവുക. രാഷ്ട്രപതി ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദര്‍ശനം നടത്തും. ഉച്ച കഴിഞ്ഞു മൂന്നു മണിയോടെ നിലക്കലില്‍ നിന്ന് തന്നെ തിരുവനന്തപുരത്തേക്ക് പോകും. രാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് നിലക്കല്‍ മുതല്‍ പമ്പ വരെ ഒരുക്കിയിരിക്കുന്നത്.

ശബരിമല ദര്‍ശനമടക്കം നാലുദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തിയത്. പ്രത്യേക വിമാനത്തില്‍ ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് സ്വീകരിച്ചത്.

Tags: