'തൃശൂര്‍ പൂരം കലക്കലില്‍ ഒന്നാം പ്രതി അന്നത്തെ കലക്ടര്‍'; വി എസ് സുനില്‍കുമാര്‍
തിരുവമ്പാടി ദേവസ്വത്തെ പ്രതി ചേര്‍ക്കുന്നതില്‍ യോജിക്കുന്നില്ലെന്ന് സുനില്‍കുമാര്‍
തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയതില്‍ ഒന്നാംപ്രതി അന്നത്തെ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയാണെന്ന് മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ പോലിസിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള അന്വേഷണ റിപോര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ തിരുവമ്പാടി ദേവസ്വത്തെ പ്രതിചേര്‍ക്കുന്നതിനെ താന്‍ അനുകൂലിക്കുന്നില്ലെന്നും പൂര നടത്തിപ്പിന്റെ പ്രധാന ഉത്തരവാദിത്തമുള്ള ജില്ലാ കലക്ടറാണ് ഒന്നാം പ്രതിയെന്നും അദ്ദേഹം ആരോപിച്ചു. തിരുവമ്പാടി ദേവസ്വത്തെ പ്രതിയാക്കിയുള്ള അന്വേഷണ റിപോര്‍ട്ടിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചു.
ജില്ലാ കലക്ടറായിരുന്ന വി ആര്‍ കൃഷ്ണ തേജയുടെ ഇടപാടുകളെ കുറിച്ചുള്ള അന്വേഷണം നടക്കണം. കലക്ടറുടെ മനപൂര്‍വമുള്ള നിസംഗതയാണ് പൂരം അലങ്കോലപ്പെടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നരയ്ക്കു ശേഷം മന്ത്രി രാജനൊപ്പം ചേര്‍ന്ന് വെടിക്കെട്ട് നടത്താന്‍ തീരുമാനമായ യോഗത്തില്‍ പങ്കെടുക്കാന്‍ കലക്ടര്‍ തയ്യാറായില്ല. പൂരം അലങ്കോലപ്പെടട്ടേ എന്ന ധാരണ ജില്ലാ കളക്ടര്‍ക്ക് ഉണ്ടായിരുന്നോയെന്ന് സംശയിക്കുന്നു. കാരണം അദ്ദേഹം തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി മാറിയെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഫലംവന്നശേഷം സിപിഐ നേതാവ് വി എസ് സുനില്‍കുമാറാണ് പൂരം കലക്കല്‍ വിവാദത്തിന് തുടക്കമിട്ടത്. പൂരം കലക്കല്‍ രാത്രിയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായി സുനില്‍കുമാര്‍ ആരോപിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തെ പഴിചാരുന്നുവെന്ന വാദത്തോട് സുനില്‍കുമാറിന് യോജിപ്പില്ല. തിരുവമ്പാടി ദേവസ്വത്തെ വെറുതെ വിടണം. ഒരു ദേവസ്വം പൂരം അലങ്കോലപ്പെടുത്തുമെന്ന് കരുതുന്നില്ല. എന്നാല്‍ ദേവസ്വത്തിനുള്ളിലെ ആരൊക്കെ ഇതിന് പിന്നിലുണ്ടെന്നത് വ്യക്തമാകണമെന്നാണ് സുനില്‍കുമാറിന്റെ അഭിപ്രായം.
അന്നത്തെ പൂരക്കാലം തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലനില്‍ക്കുമ്പോഴായിരുന്നു. മന്ത്രിമാര്‍ക്കോ ജനപ്രതിനിധികള്‍ക്കോ പൂരം സംഘാടനത്തില്‍ റോളില്ലായിരുന്നു. കലക്ടറും കമ്മിഷണറുമായിരുന്നു നടത്തിപ്പുകാര്‍. പൂരം കലക്കാന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായി സുനില്‍കുമാര്‍ വീണ്ടും ആരോപിച്ചു.
ഇതിന് പിന്നില്‍ രാഷ്ട്രീയമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. അത് പുറത്ത് വരണം. പൂരം അലങ്കോലപ്പെടുത്തുന്നതിലൂടെ രാഷ്ട്രീയ ലാഭം കൊയ്ത പ്രസ്ഥാനവും അതുമായി ബന്ധപ്പെട്ടവര്‍ക്കുമാണ് പൂരം കലക്കലിന്റെ ഉത്തരവാദിത്തം. അവര്‍ക്ക് സഹായകമാകുന്ന നിലപാടുകള്‍ ദേവസ്വത്തിലുള്ളവര്‍ സ്വീകരിച്ചിട്ടുണ്ട്. ചില പോലിസ് ഉദ്യോഗസ്ഥരും അവരെ സഹായിച്ചിട്ടുണ്ട്. എഡിജിപിയേക്കാള്‍ പ്രധാനപ്പെട്ട ഉത്തരവാദിത്തം ജില്ലാ കലക്ടറാണ്. കോഡ് ഓഫ് കണ്ടക്ട് നിലനില്‍ക്കുന്ന അവസരത്തില്‍ അന്ന് മന്ത്രിമാരോ എംഎല്‍എമാരോ പൂരം നടക്കുന്നിടത്തേക്ക് വരേണ്ടെന്നും പ്രശ്നങ്ങള്‍ താന്‍ പരിഹരിക്കുമെന്നുമുള്ള നിലപാടാണ് കലക്ടര്‍ സ്വീകരിച്ചത്.

