അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച നിലയിൽ

Update: 2026-04-06 07:29 GMT

കലബുറഗി: കർണാടകയിലെ കലബുറഗിയിൽ സർക്കാർ സ്കൂൾ അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച നിലയിൽ. ബീദർ ജില്ലയിലെ വഞ്ചാരഖേഡ സ്വദേശിനിയായ ജ്യോതി കപാലെ (57)യാണ് കൊല്ലപ്പെട്ടത്.

കലബുറഗി ജില്ലയിലെ കമലാപുരം താലൂക്കിലെ കൽമൂഡ് ഗ്രാമത്തിന് സമീപം റോഡരികിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊന്ന ശേഷം തെളിവുകൾ നശിപ്പിക്കാനായി പെട്രോൾ ഒഴിച്ച് മൃതദേഹം കത്തിച്ചുവെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

കലബുറഗി നഗരത്തിലെ ആനന്ദ് കോളനിയിൽ താമസിച്ചിരുന്ന ജ്യോതി, ജോലിയുടെ ഭാഗമായി ബീദറിലായിരുന്നു താമസം. അവധി ദിവസങ്ങളിൽ വീട്ടിലേക്ക് മടങ്ങാറുള്ള ഇവർ, തിരികെ ബീദറിലേക്ക് പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടതെന്നാണ് സൂചന.

സംഭവത്തിൽ കമലാപുരം പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

Tags: