ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹരജി തള്ളി

Update: 2025-05-22 07:15 GMT

ന്യൂഡല്‍ഹി: ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രിംകോടതി.

മെയ് 8 ന് സുപ്രീം കോടതി പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, സംഭവം അന്വേഷിച്ച ആഭ്യന്തര അന്വേഷണ സമിതിയുടെ റിപോര്‍ട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിട്ടുണ്ടെന്നും ഹരജിക്കാര്‍ ആദ്യം അവരെ സമീപിക്കണമെന്നും ജസ്റ്റിസുമാരായ എ എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

'ഒരു ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അത് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ചിട്ടുണ്ട്. അതിനാല്‍ അടിസ്ഥാന നിയമം പാലിക്കുക. നിങ്ങള്‍ മാന്‍ഡമസ് റിട്ട് തേടുകയാണെങ്കില്‍, പ്രശ്‌നം പരിഗണനയിലുള്ള അധികാരികളെ ആദ്യം സമീപിക്കണം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇതില്‍ നടപടിയെടുക്കണം,' ജസ്റ്റിസ് ഓക്ക പറഞ്ഞു.

ഹൈക്കോടതിയിലോ സുപ്രിം കോടതിയിലോ ഉള്ള സിറ്റിംഗ് ജഡ്ജിക്കെതിരെ ക്രിമിനല്‍ നടപടി നിയമത്തിലെ സെക്ഷന്‍ 154 പ്രകാരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ചീഫ് ജസ്റ്റിസിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്നും കോടതി പറഞ്ഞു.

Tags: