ജഡ്ജിമാരെ മണിക്കൂറുകളോളം തടഞ്ഞുവച്ച സംഭവം; സ്വമേധയാ കേസെടുത്ത് സുപ്രിംകോടതി

Update: 2026-04-03 07:09 GMT

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ വോട്ടര്‍പ്പട്ടിക പുനപരിശോധന സംബന്ധമായ പരാതികള്‍ പരിശോധിക്കാന്‍ എത്തിയ ഏഴു കീഴ്‌ക്കോടതി ജഡ്ജിമാരെ ആള്‍ക്കൂട്ടം മണിക്കൂറുകളോളം തടഞ്ഞുവച്ച ആക്രമിച്ച സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ് ഇടപെട്ടത്.

സംഭവത്തില്‍ അന്വേഷണം സിബിഐയെയോ എന്‍ഐഎയെയോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏല്‍പ്പിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കായി കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബംഗാള്‍ പോലെയുള്ള രാഷ്ട്രീയമായി അതീവ ധ്രുവീകരിക്കപ്പെട്ട സംസ്ഥാനത്ത് സുപ്രിംകോടതിയുടെ അധികാരവും വെല്ലുവിളിക്കപ്പെടുന്ന സാഹചര്യമാണെന്ന് കോടതി ശക്തമായി വിമര്‍ശിച്ചു.

മാള്‍ഡയിലെ കാളിയചക് ഗ്രാമത്തില്‍ മൂന്നു വനിതകള്‍ ഉള്‍പ്പെടെ ഏഴു ജഡ്ജിമാരെ അര്‍ധരാത്രിവരെ തടഞ്ഞുവച്ച സംഭവമാണ് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. രാത്രി 11 മണിവരെ ജില്ലാ കലക്ടര്‍ സ്ഥലത്തെത്താതിരുന്നതും ചീഫ് സെക്രട്ടറിയെ ബന്ധപ്പെടാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ അഭ്യര്‍ഥനയ്ക്കുപോലും യാതൊരു നടപടി ഉണ്ടായില്ലെന്നും നിരീക്ഷിച്ചു. പിന്നീട് ആഭ്യന്തര സെക്രട്ടറിയെ ബന്ധപ്പെടുകയും ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെടുകയും ചെയ്തതോടെയാണ് രാത്രി 12 മണിയോടെ ജഡ്ജിമാരെ രക്ഷപ്പെടുത്താനായത്. ജഡ്ജിമാരുടെ വാഹനങ്ങള്‍ക്ക് നേരേയും ആക്രമണമുണ്ടായി. വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നാരോപിച്ചുള്ള പ്രതിഷേധമാണ് സംഭവം വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചത്.

Tags: