കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ വനിത ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു (68) അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. നിലവില്‍ കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവിയായി സേവനമനുഷ്ടിച്ചു വരികയായിരുന്നു.
ഫൊറന്‍സിക് മേഖലയിലെ പ്രമുഖ വ്യക്തത്വമാണ് ഡോ. ഷേര്‍ളി വാസു. സൗമ്യ കൊലപാതക്കേസുള്‍പ്പെടെ നിരവധി പ്രധാന കേസുകളില്‍ നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായി പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് അവര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം വകുപ്പ് മുന്‍ മേധാവിയായിരുന്നു.
1982ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചതോടെയാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 1997 മുതല്‍ 1999ല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഡപ്യൂട്ടേഷനില്‍ പ്രഫസറായി.2010ല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി. 2012 വരെ ഫോറന്‍സിക് വിഭാഗം മേധാവിയായി. 2014ല്‍ പ്രിന്‍സിപ്പലായി. 2017 ല്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാര്‍ഡ് ലഭിച്ചു. 'പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍' പ്രധാന കൃതിയാണ്.