വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Update: 2026-02-24 07:41 GMT

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടം പൊളിഞ്ഞുവീണ് നാലുപേര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കോര്‍പറേഷനെതിരേയാണ് കേസ്. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉടന്‍ സ്ഥലം സന്ദര്‍ശിക്കും. അതേസമയം കെട്ടിടത്തില്‍ വീണ്ടും സ്ഥാപനം നടത്തുമെന്ന് ശ്രീ ഗണേശ് ട്രേഡേഴ്‌സ് ഉടമ വിജയ് സിങ് പറഞ്ഞു. കോര്‍പറേഷന്റെ എന്‍ജിനീയറിങ് വിഭാഗം നടത്തുന്ന പരിശോധനയില്‍ വിശ്വാസമില്ല. എന്‍ഐടി സംഘം പരിശോധിക്കട്ടെ. കെട്ടിടത്തിന് പ്രശ്‌നമില്ല. സ്ലാബ് തകര്‍ന്നുവീണത് മാത്രമാണ് പ്രശ്‌നമെന്നും വിജയ് സിങ് ചൂണ്ടിക്കാട്ടി.

കോര്‍പറേഷന്‍ അധികൃതര്‍ സ്ഥാപനം ഒഴിയണമെന്ന് നിര്‍ദേശിച്ച് ഒട്ടിച്ച നോട്ടീസ് വിജയ് സിങ് പറിച്ചു കളഞ്ഞു. തുടര്‍ന്ന് തൊഴിലാളികളും ശ്രീ ഗണേശ് ട്രേഡേഴ്സ് ഉടമയും തമ്മില്‍ വാക്കേറ്റമുണ്ടായി. വിജയ് സിങ്ങിനെ പോലിസ് സ്ഥലത്തുനിന്ന് മാറ്റി. സ്ഥലത്ത് കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗം പരിശോധന നടത്തുകയാണ്. സൂപ്രണ്ടിങ് എഞ്ചിനീയര്‍ ബിജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.

തിങ്കളാഴ്ച കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ നാലുപേരാണ് മരിച്ചത്. അത്തോളി സ്വദേശികളായ കൊളക്കാട് കൊടുവമ്പത്ത് താഴെകുനി അഷ്‌റഫ്(56), കൊങ്ങന്നൂര്‍ കുനിയില്‍ കടവ് മല്ലിശ്ശേരി താഴെ നുജൂം വീട്ടില്‍ ബഷീര്‍(65), കിണാശ്ശേരി കുളംകുഴിനിലം ബൈത്തുല്‍ ഹുദയില്‍ ജബ്ബാര്‍(60), തിരുവങ്ങൂര്‍ സ്വദേശി വിനോദ്(55) എന്നിവരാണ് മരിച്ചത്.

Tags: