തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് അവതരിപ്പിക്കുന്നത്. മൂന്നാം വട്ടവും ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ കഴിയുന്നത്ര ജനകീയ പ്രഖ്യാപനങ്ങള്‍ നടത്താനാണു ധനമന്ത്രി ഒരുങ്ങുന്നതെന്നാണ് റിപോര്‍ട്ടുകള്‍.
അവസാന ബജറ്റില്‍ ജനക്ഷേമപരവും ജനോപകാരപ്രദവുമായ പദ്ധതി ഉണ്ടാകുമെന്ന് മാധ്യമങ്ങളോട് മന്ത്രി പ്രതികരിച്ചിരുന്നു. കേരളത്തോട് രാഷ്ട്രീയപരമായ വിവേചനമാണ് കേന്ദ്രം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിസന്ധിയുടെ വലിയ ഘട്ടം കഴിഞ്ഞുവെന്നും ഇനി വളര്‍ച്ചയുടെ കാലമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ഷേമ പെന്‍ഷന്‍ വര്‍ധനയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിഎ കുടിശിക വിതരണവും അടക്കമുള്ളവ ബജറ്റിലുണ്ടാകും. ശമ്പളത്തിന്റെ പകുതിയെങ്കിലും പെന്‍ഷന്‍ തുക ഉറപ്പാക്കുന്ന അഷ്വേഡ് പെന്‍ഷന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കും.