മുക്കാളിയില്‍ ദേശീയപാതയോരത്തെ സംരക്ഷണ ഭിത്തി തകര്‍ന്നു വീണു; ഒഴിവായത് വന്‍ ദുരന്തം

Update: 2024-07-02 05:09 GMT

വടകര: മുക്കാളിയില്‍ ദേശീയപാതയോരത്തെ സംരക്ഷണ ഭിത്തി തകര്‍ന്നു വീണു, ഒഴിവായത് വന്‍ ദുരന്തം. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് കനത്ത മഴയില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന് ദേശീയപാതയില്‍ പതിച്ചത്. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.

ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണിടിച്ചുതാഴ്ത്തി കഴിഞ്ഞ മാസമാണ് സംരക്ഷണ ഭിത്തി തീര്‍ത്തത്. കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്നതിന് പകരം സോയില്‍ നെയിലിങ് എന്ന പേരിലാണ് സംരക്ഷണമൊരുക്കിയത്.

കനത്ത മഴയോടൊപ്പം മണ്ണും കോണ്‍ക്രീറ്റ് ഭാഗങ്ങളും ദേശീയപാതയുടെ പകുതി ഭാഗത്തോളം വീണതോടെ ഗതാഗതം പൂര്‍ണമായും നിലച്ചു. വടകരയില്‍നിന്നുള്ള അഗ്‌നിരക്ഷ സേനയും ചോമ്പാല പൊലീസും സ്ഥലത്തെത്തി ഗതാഗതം വഴി തിരിച്ചുവിടുകയായിരുന്നു.

കണ്ണൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍നിന്നും വടകര ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്നുമാണ് തിരിച്ചുവിട്ടത്. സംരക്ഷണ ഭിത്തി തകര്‍ന്നതോടെ സമീപത്തെ മൂന്നു വീടുകളിലേക്കുള്ള വഴി ഇല്ലാതായി. ഡെപ്യൂട്ടി കലക്ടര്‍ സഭീദിന്റെ നേതൃത്വത്തില്‍ റവന്യു അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി. ഉച്ചയോടെ റോഡിലേക്ക് വീണ മണ്ണ് ചെറിയ രീതിയില്‍ മാറ്റി വാഹനം നിയന്ത്രണങ്ങളോടെ ഒരു വശത്തുകൂടെ കടത്തിവിട്ടു.

സമീപത്തെ വീട്ടുകാരോട് മാറിത്താമസിക്കാനും നിര്‍ദേശം നല്‍കി. നിര്‍മാണത്തിലെ അപാകതയാണ് ഭിത്തി ഇടിഞ്ഞുവീഴാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ കാലവര്‍ഷത്തിലാണ് ദേശീയ പാതയുടെ ഉയര്‍ന്ന ഭാഗം ആദ്യം തകര്‍ന്നുവീണത്. റവന്യു അധികൃതരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച് നിര്‍ത്തിയ ഈ ഭാഗമാണ് ഇന്നലെ വീണ്ടും തകര്‍ന്നത്.

സോയില്‍ നെറ്റ് ഉപയോഗിച്ചാണ് പാര്‍ശ്വ ഭിത്തി കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചത്. ഉയരക്കൂടുതലുള്ള ഭാഗത്ത് ചെറിയ നെറ്റ് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ തന്നെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ നിര്‍മാണ കമ്പനി ഇത് ചെവിക്കൊണ്ടില്ലെന്നും ആരോപണമുണ്ട്.

Tags: