വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം നീട്ടിവെക്കണം;-മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടണം

Update: 2025-09-22 15:57 GMT

തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ നീട്ടണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കി. സര്‍വ്വ കക്ഷി യോഗത്തില്‍ പ്രധാന പാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ബിഹാറിനു പിന്നാലെ രാജ്യവ്യാപകമായി എസ്ഐആര്‍ നടപ്പാക്കുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്. സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കേരളത്തില്‍ പാലക്കാട് അട്ടപ്പാടിയിലാണ് തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ആദ്യ നടപടികള്‍ തുടങ്ങി വെച്ചത്.

പാലക്കാട്ടെ എസ്‌ഐആര്‍ നടപടികള്‍ അതിവേഗത്തിലാണ് മുന്നോട്ട് പോയത്. രണ്ട് ദിവസത്തിനകം വോട്ടര്‍ പട്ടികയുടെ താരതമ്യം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 2002 ലെയും - 2025 ലെയും വോട്ടര്‍ പട്ടിക താരതമ്യം ചെയ്ത് കലക്ടറെ വിവരം അറിയിക്കാനാണ് നിര്‍ദേശമുണ്ടായിരുന്നത്. 2002നും 2004നും ഇടയിലാണ് എല്ലാ സംസ്ഥാനങ്ങളിലും മുന്‍പ് എസ്‌ഐആര്‍ നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസം 2002ലെ പട്ടിക കേരളം പ്രസിദ്ധീകരിച്ചിരുന്നു.

Tags: