'ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും അവഗണിച്ചു'; മന്ത്രി വി ശിവന്‍കുട്ടി
ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയുമാണുണ്ടാവുക
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയെ പൂര്‍ണ്ണമായും അവഗണിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒന്ന് മുതല്‍ പന്ത്രണ്ട് വരേയുള്ള ക്ലാസുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനോ ഗുണനിലവാര വര്‍ധനവിനോ ഊന്നല്‍ നല്‍കാത്ത ഒരു ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയുമാണ് ഉണ്ടാവുക, അവരുടേയൊക്കെ നല്ല സമയം. സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ് ഉള്‍പ്പെടേയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാതെ കടലാമ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാന്‍ കേരളത്തിലടക്കം പദ്ധതി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരിഹാസം.
ഉന്നത വിദ്യാഭ്യാസ മേഖലയെ മാത്രം ലക്ഷ്യംവെച്ചുള്ള ബജറ്റ് സ്‌കൂള്‍ വിദ്യാഭ്യാസത്തെ പൂര്‍ണമായും അവഗണിച്ചു. പൊതു വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. കോര്‍പ്പറേറ്റ് നയങ്ങള്‍ സംരക്ഷിക്കാനുള്ള ബജറ്റാണ് നടന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറ പാകുന്ന സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയെ കേന്ദ്രം മറന്നുപോയിരിക്കുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനോ ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കുന്നതിനോ വ്യക്തമായ പദ്ധതികളില്ല. നിലവിലുള്ള 'സമഗ്ര ശിക്ഷാ' തുടങ്ങിയ പദ്ധതികള്‍ക്ക് നാമമാത്രമായ വര്‍ദ്ധനവ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. അതാകട്ടെ കേരളത്തിന് നല്‍കുന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ കുട്ടികള്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി, സര്‍വത്രിക വിദ്യാഭ്യാസം ബിരുദതലം വരെ ഉള്‍പ്പെടെ വിഭാവനം ചെയ്ത കേരള ബജറ്റില്‍ നിന്ന് കേന്ദ്രം പഠിക്കണം. കേരളം പൊതുവിദ്യാഭ്യാസത്തിന് ഇത്രയേറെ പ്രാധാന്യം നല്‍കുമ്പോള്‍ കേന്ദ്രം ഈ മേഖലയെ പിന്നോട്ട് തള്ളുകയാണ്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കുള്ള വിഹിതത്തില്‍ കാര്യമായ വര്‍ദ്ധനവ് വരുത്താത്തത് സാധാരണക്കാരായ വിദ്യാര്‍ഥികളോടുള്ള വെല്ലുവിളിയാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. രാജ്യത്തെ സാധാരണക്കാരായ വിദ്യാര്‍ഥികളുടെ അവകാശങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ഈ സമീപനം തിരുത്തണം. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ആവശ്യമായ പ്രത്യേക പാക്കേജുകള്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

